
കണ്ണൂര്‍: എഡിഎം കെ. നവീന്‍ ബാബുവിന്റെ മരണത്തിനു പിന്നാലെ ഒളിവില്‍ പോയ ദിവ്യയെ കണ്ടെത്താനാകാത്ത പൊലീസിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. നവീന്‍ ബാബു മരിച്ച് 12 ദിവസം പിന്നിടുമ്പോഴും കേസിലെ ഏക പ്രതിയായ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യുകയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ല പൊലീസ്.
നവീന്‍ ബാബുവിന്റെ സഹോദരന്‍ നല്‍കിയ പരാതികൂടി പരിഗണിച്ച് ദിവ്യയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പു ചേര്‍ത്ത് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിട്ടും പൊലീസ് ദിവ്യക്കായി ഇരുട്ടില്‍ത്തപ്പുകയാണ്. കണ്ണൂരിലെ സിപിഎമ്മിന്റെ താത്പര്യത്തിന് വഴങ്ങിയാണ് പൊലീസ് അനങ്ങാപ്പാറ നയം സ്വീകരിച്ചതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഉന്നതോദ്യോഗസ്ഥരെ നിയോഗിച്ച് റവന്യു വകുപ്പും ആരോഗ്യവകുപ്പും വകുപ്പുതല അന്വേഷണങ്ങള്‍ നടത്തുകയും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടും പൊലീസിന് അനക്കമില്ല.
ദിവ്യയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ദിവ്യയുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത് പാര്‍ട്ടി സംസ്ഥാന നേതൃത്വമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും അടക്കം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഒളിച്ചുകളി തുടരുന്നത് പാര്‍ട്ടി ഇടപെടല്‍മൂലമാണെന്നാണ് ആക്ഷേപം.
ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി വരുന്നതുവരെ അറസ്റ്റ് വേണ്ടെന്ന നിലപാടിലാണ് പൊലീസ്. കേസിലെ പ്രതിസ്ഥാനത്ത് ഒരു സാധാരണക്കാരനായിരുന്നുവെങ്കില്‍ പൊലീസ് ഓടിച്ചിട്ട് പിടിച്ചേനെയെന്നും സമൂഹമാധ്യമങ്ങളില്‍ കമന്റുകള്‍ നിറയുന്നുണ്ട്.