
ന്യൂഡല്‍ഹി : സെര്‍വിക്കല്‍ ക്യാന്‍സറിനെക്കുറിച്ചുള്ള അവബോധം വളര്‍ത്താന്‍ തന്റെ വ്യാജ മരണവാര്‍ത്ത പുറത്തുവിട്ട പൂനം പാണ്ഡെ ഇപ്പോള്‍ വിവാദങ്ങളിലൂടെ സഞ്ചരിക്കുകയാണ്. എന്നാല്‍ വിവാദ പ്രചാരണത്തില്‍ തങ്ങള്‍ക്കും പങ്ക് ഉണ്ടായിരുന്നുവെന്ന് തുറന്ന് പറഞ്ഞുകൊണ്ട് ക്ഷമാപണവുമായി എത്തിയിരിക്കുകയാണ് ഡിജിറ്റല്‍ ഏജന്‍സിയായ ഷ്ബാംഗ്. മാധ്യമ സ്ഥാപനമായ ഹോട്ടര്‍ഫ്‌ലൈയുടെ പങ്കാളിത്തത്തോടെയാണ് ഇത് ചെയ്തത്. വിഷയം വലിയ തരത്തില്‍ ചര്‍ച്ചയ്ക്കും പ്രതിഷേധത്തിനും കാരണമായതോടെ ക്യാന്‍സര്‍ ബാധിച്ചവരോട് ഏജന്‍സി ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
പൂനം പാണ്ഡെയുടെ അമ്മ ക്യാന്‍സറിനോട് എങ്ങനെ പോരാടി എന്നും പ്രസ്താവനയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ‘നിങ്ങളില്‍ പലര്‍ക്കും അറിയില്ലായിരിക്കാം, പക്ഷേ പൂനത്തിന്റെ സ്വന്തം അമ്മ ധീരമായി ക്യാന്‍സറിനോട് പോരാടിയിട്ടുണ്ട്. വ്യക്തിപരമായ ഇടങ്ങളില്‍ ഇത്തരമൊരു രോഗത്തോട് പോരാടാനുള്ള വെല്ലുവിളികള്‍ നേരിടേണ്ടി വന്നതിനാല്‍, പ്രതിരോധത്തിന്റെ പ്രാധാന്യവും ബോധവല്‍ക്കരണത്തിന്റെ നിര്‍ണായകതയും അവള്‍ മനസ്സിലാക്കുന്നു, പ്രത്യേകിച്ച് ഒരു വാക്‌സിന്‍ ലഭ്യമാകുമ്പോള്‍- എന്നും കമ്പനി ക്ഷമാപണത്തില്‍ വ്യക്തമാക്കി.















