‘അമേഠിയിലെ ജനങ്ങള്‍ക്ക് ഇത്തവണ റോബര്‍ട്ട് വാദ്രയെ വേണം’; രാഹുല്‍ ഗാന്ധി സസ്‌പെന്‍സിനിടയില്‍ പോസ്റ്ററുകള്‍ സജീവം

അമേഠി (യുപി): അമേഠി സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള സസ്പെന്‍സ് കോണ്‍ഗ്രസ് ഇപ്പോഴും നിലനിര്‍ത്തുന്നതിനിടയില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്ക്കായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി.

റോബര്‍ട്ട് വാദ്രയെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക പാര്‍ട്ടി ഓഫീസിന് പുറത്ത് പോസ്റ്ററുകള്‍ എത്തി. ‘അമേഠിയിലെ ജനങ്ങള്‍ക്ക് ഇത്തവണ റോബര്‍ട്ട് വാദ്രയെ വേണം’ എന്നര്‍ത്ഥം വരുന്ന ‘അമേത്തി കി ജന്ത കരേ പുകാര്‍, റോബര്‍ട്ട് വാദ്ര അബ് കി ബാര്‍’ എന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ മെയ് 20 നാണ് അമേഠിയില്‍ വോട്ടെടുപ്പ് നടക്കുക. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം മെയ് 3 ആണ്.

സിറ്റിംഗ് എംപിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയിട്ടില്ല. രാഹുല്‍ മത്സരിച്ചേക്കുമെന്നും ചിലപ്പോള്‍ പ്രിയങ്കയുടെ പേരും ഉയര്‍ന്നിരുന്നെങ്കിലും അമേഠിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇതുവരെ വ്യക്തതയില്ല. രാഹുലിനോട് മത്സരിക്കാന്‍ സിറ്റിംഗ് എംപിയായ സ്മൃതി ഇറാനി വെല്ലുവിളി നടത്തിയിട്ടുണ്ട്.

മുന്‍കാലങ്ങളില്‍ സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ പ്രതിനിധാനം ചെയ്തിരുന്ന ഗാന്ധി കുടുംബ സീറ്റായാണ് അമേഠി അറിയപ്പെടുന്നത്. എന്നാല്‍ ചരിത്രം വഴിമാറിയത് 2019 ലെ തിരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനി എത്തിയപ്പോഴാണ്. വയനാട്ടിലും അമേഠിയിലുമായി പോരിനിറങ്ങിയ രാഹുലിനെ അമേഠി കൈവിടുകയും വയനാട് വന്‍ഭൂരിപക്ഷത്തോടെ ജയിപ്പിക്കുകയുമായിരുന്നു.

മെയ് 3 വരെ അമേഠിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സമയമുള്ളതിനാല്‍, വയനാട് സീറ്റിലെ വോട്ടെടുപ്പിന് ശേഷം രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചേക്കും എന്നും അഭ്യൂഹങ്ങളുണ്ട്. അടുത്തിടെ അമേഠിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തോട് ‘പാര്‍ട്ടി എന്നോട് പറയുന്നതെന്തും ഞാന്‍ ചെയ്യും,’ എന്നാണ് രാഹുല്‍ മറുപടി പറഞ്ഞത്.

താന്‍ മത്സരിച്ചാല്‍ സ്മൃതിജിയെ തിരഞ്ഞെടുത്തതിലെ തെറ്റ് തിരുത്താന്‍ അമേഠിയിലെ ജനങ്ങള്‍ക്ക് കഴിയുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര അമേഠിയില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചത്. മാത്രമല്ല, താന്‍ മത്സരിച്ചാല്‍ അമേഠി തന്റെ വിജയം വന്‍ ഭൂരിപക്ഷത്തില്‍ ഉറപ്പാക്കുമെന്നും വാദ്ര പറഞ്ഞിരുന്നു. പിന്നാലെയാണ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് ചില പോസ്റ്ററുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

അതേസമയം, തന്റെ പ്രചാരണം സജീവമായി കൊണ്ടുപോകുന്ന സ്മൃതി ഇറാനി, സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിലെ കാലതാമസത്തിന് കോണ്‍ഗ്രസിനെതിരെയും രാരാഹുലിനെയും റോബര്‍ട്ട് വാദ്രയെയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. അമേഠിയില്‍ 2019 ആവര്‍ത്തിക്കുമെന്നും ജയം ഉറപ്പാണെന്നുമുള്ള ആത്മവിശ്വാസത്തിലാണ് സ്മൃതി ഇറാനി.

More Stories from this section

family-dental
witywide