
അയോധ്യ: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ ഇന്ന് നടക്കും. ഉച്ചക്ക് 12. 20 നും 12.30 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. ചടങ്ങുകള്‍ 1 മണിയോടെ പൂര്‍ത്തിയാകുമെന്നാണ് കരുതപ്പെടുന്നത്.
നൈറ്റ് വിഷന്‍ ഉപകരണങ്ങള്‍ മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉള്ള സിസിടിവി ക്യാമറകള്‍ വരെ ഉള്‍പ്പെടുത്തി രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനായി ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ടണ്‍ കണക്കിന് പൂക്കളും വര്‍ണ്ണ വിളക്കുകളും കൊണ്ട് ക്ഷേത്രം അലങ്കരിച്ചിരിച്ചിട്ടുണ്ട്. ക്ഷേത്ര വീഥിയിലാകെ പൂക്കള്‍ക്കൊണ്ട് മെത്തയൊരുക്കിയാണ് അലങ്കാരങ്ങള്‍ ചെയ്തിരിക്കുന്നത്.
പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണിതാക്കള്‍ ഇന്നലെമുതല്‍ എത്തിത്തുടങ്ങി. ഒരുകാലത്ത് ശാന്തമായ നഗരമായിരുന്ന അയോധ്യ ഇപ്പോള്‍ പുതിയ അടിസ്ഥാന സൗകര്യങ്ങളാലും മതപരമായ ആവേശത്താലും തിളങ്ങുകയാണ്. ഇന്ത്യയുടെ രാഷ്ട്രീയ-മത ചരിത്രത്തിലെ പ്രധാന സംഭവത്തിനാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിക്കുക.
ഉച്ചഭാഷിണികളില്‍ നിന്ന് ‘റാം ധൂണ്‍’ റെക്കോര്‍ഡിംഗുകള്‍ ഉയര്‍ന്നു കേള്‍ക്കാം. രാമന്‍, സീത, ലക്ഷ്മണന്‍, ഹനുമാന്‍ എന്നിവരുടെ വേഷം ധരിച്ച ആളുകള്‍ തെരുവുകളില്‍ നിറഞ്ഞു. ‘ജയ് ശ്രീറാം’ എന്ന് ചിത്രീകരിക്കുന്ന ആചാരപരമായ കവാടങ്ങളും രാത്രിയില്‍ ദൃശ്യമാകുന്ന ലൈറ്റിംഗും പുരാതന നഗരത്തിന്റെ പ്രഭാവലയം വര്‍ദ്ധിപ്പിക്കുന്നു. രാജ്യം മുഴുവന്‍ രാമനാമം ജപിക്കുകയാണെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
ചടങ്ങില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 11 മണിയോടെ രാമജന്മഭൂമിയിലെത്തും. ചടങ്ങില്‍ യജമാന സ്ഥാനമാണ് പ്രധാനമന്ത്രിക്ക്. പ്രതിഷ്ഠക്ക് ശേഷം നാളെ മുതല്‍ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. മൈസൂരുവിലെ ശില്‍പി അരുണ്‍ യോഗിരാജ് കൃഷ്ണശിലയില്‍ തീര്‍ത്ത 51 ഇഞ്ച് വിഗ്രഹമാണു പ്രതിഷ്ഠ. 5 വയസ്സുള്ള ബാലനായ രാമന്റെ വിഗ്രഹമാണിത്. ഇതോടൊപ്പം ഇതുവരെ താല്‍ക്കാലിക ക്ഷേത്രത്തില്‍ ആരാധിച്ചിരുന്ന രാംലല്ല വിഗ്രഹമടക്കമുള്ളവയും പ്രതിഷ്ഠിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് 12.20ന് ആരംഭിക്കുന്ന പ്രധാന ചടങ്ങുകള്‍ ഉച്ചയ്ക്ക് ഒന്നിന് അവസാനിക്കും. തുടര്‍ന്ന് വേദിയില്‍ ദര്‍ശകരും പ്രമുഖരും ഉള്‍പ്പെടെ ഏഴായിരത്തിലധികം ആളുകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. മുഴുവന്‍ പരിപാടിയും തത്സമയം സംപ്രേക്ഷണം ചെയ്യും.
സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനായി ഡ്രോണുകള്‍ ഗ്രൗണ്ടില്‍ പരിശോധന നടത്തിവരികയാണ്. അയോധ്യയിലെ ‘യെല്ലോ സോണില്‍’ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുള്ള 10,715 എ.ഐ അധിഷ്ഠിത ക്യാമറകളുണ്ട്.
അടിയന്തര പ്രതികരണം ശക്തിപ്പെടുത്തുന്നതിനായി ദേശീയ ദുരന്ത നിവാരണ സേനയുടെയും (എന്‍ഡിആര്‍എഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ്ഡിആര്‍എഫ്) ടീമുകളെ വിന്യസിച്ചിട്ടുണ്ട്. എസ്ഡിആര്‍എഫ് സംഘങ്ങള്‍ സരയൂ നദിയില്‍ ബോട്ട് പട്രോളിങും നടത്തും.
ആന്റി-മൈന്‍ ഡ്രോണുകള്‍ ഭൂമിയില്‍ നിന്ന് ഒരു മീറ്റര്‍ ഉയരത്തില്‍ പറക്കുന്നുണ്ട്. കൂടാതെ ഭൂഗര്‍ഭ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതിനുള്ള നൂതന സാങ്കേതികവിദ്യയും സജ്ജീകരിച്ചിട്ടുണ്ട്.