
കല്‍പറ്റ: സൂചികുത്താന്‍ ഇടം അനുവദിക്കാതെ, ആര്‍പ്പുവിളികളോടെ ആയിരങ്ങള്‍ പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാന്‍ കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് തടിച്ചുകൂടി. രാഹുലിന്റെയും പ്രിയങ്കയുടേയും ചിത്രങ്ങള്‍ ഉയര്‍ത്തി ആവേശം ചോരാതെ രാവിലെ മുതല്‍ കാത്തു നില്‍ക്കുകയായിരുന്നു ജനക്കൂട്ടം. അവര്‍ക്കിടയിലേക്ക് നിറഞ്ഞ ചിരിയുമായി കൈകള്‍ ഉയര്‍ത്തിയും കൂപ്പിയും സ്‌നേഹം പ്രകടിപ്പിച്ച് പ്രിയങ്കയും രാഹുലും കടന്നുവന്നു. അമ്മ സോണിയ ഗാന്ധിയും കോണ്‍ഗ്രസിലെ ഉന്നത നേതാക്കളും പ്രിയങ്കയ്ക്ക് ഒപ്പമുണ്ടായിരുന്നു.
അണികള്‍ അല്ലാത്തവര്‍ പോലും കാത്തു നിന്നത് ഗാന്ധി കുടുംബത്തിലെ മൂന്നുപേരെയും ഒരുമിച്ചു കാണാന്‍ വേണ്ടി മാത്രമായിരുന്നു. കെട്ടിടങ്ങള്‍ക്ക് മുകളിലും മറ്റും കയറി രാവിലെ മുതല്‍ കാത്തു നില്‍ക്കുകയായിരുന്നു അവരെല്ലാം.
ആവേശോജ്ജ്വല സ്വീകരണമാണ് കല്‍പ്പറ്റ പ്രിയങ്കയ്ക്ക് നല്‍കിയത്. പ്രവര്‍ത്തകര്‍ പൂക്കള്‍ വിതറിയാണ് നേതാക്കളെ സ്വീകരിച്ചത്. ജനക്കൂട്ടത്തോട് പ്രിയങ്ക സംസാരിച്ച് തുടങ്ങിയപ്പോള്‍ നിറഞ്ഞ കരഘോഷമായിരുന്നു എങ്ങും. ”അച്ഛന്‍ രാജീവ് ഗാന്ധിക്കും സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും വേണ്ടി 35 വര്‍ഷത്തോളം പ്രചാരണം നടത്തി. ആദ്യമായാണ് എനിക്ക് വേണ്ടി പ്രചാരണം നടത്തുന്നത്. ഈ അവസരത്തിന് ഖര്‍ഗെയോടും കോണ്‍ഗ്രസിനോടും നന്ദി പറയുന്നു. ഞാന്‍ ചൂരല്‍മലയും മുണ്ടക്കെയും സന്ദര്‍ശിച്ചു. എല്ലാം നഷ്ടമായവരെ അവിടെ കണ്ടു. എല്ലാവരും പരസ്പരം പിന്തുണ നല്‍കി. വയനാട്ടുകാരുടെ ധൈര്യം ആഴത്തില്‍ സ്പര്‍ശിച്ചു. വയനാട് കുടുംബത്തിന്റെ ഭാഗമാകാന്‍ സാധിക്കുന്നത് ഭാഗ്യവും ആദരവുമാണ്. അധികാരം നല്‍കിയര്‍ അധികാരം വിദ്വേഷം പ്രചരിപ്പിക്കുന്നു” – വയനാടിനോട് പ്രിയങ്കയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
അതേസമയം, സഹോദരന്റെ പിന്‍ഗാമിയായി വയനാട്ടില്‍ പോര്‍ക്കളത്തിലേക്കിറങ്ങുന്ന പ്രിയങ്കയുടെ കന്നിമത്സരം ചരിത്രമാക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വന്‍ വിജയമായി കൂറ്റന്‍ റാലിയോടെയാണ് അതിനു തുടക്കം കുറിച്ചത്.