ഗാന്ധിജിയും നെഹ്റുവും ‘രാജ്യദ്രോഹികള്‍’ എന്ന് വിളിക്കപ്പെടുമെന്ന് ഒരിക്കലും കരുതിക്കാണില്ല: റായ്ബറേലിയില്‍ തീപ്പൊരി പ്രസംഗവുമായി പ്രിയങ്ക

റായ്ബറേലി : രാജ്യത്തെ ഒരു സര്‍ക്കാര്‍ ഒരു ദിവസം തങ്ങളെ രാജ്യദ്രോഹികള്‍ എന്ന് വിളിക്കുമെന്ന് മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും ഒരിക്കലും കരുതിക്കാണില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ‘മഹാത്മാഗാന്ധിയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവും ജനങ്ങളുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തു. അവരെ രാജ്യദ്രോഹികള്‍ എന്ന് വിളിക്കുന്ന ഒരു സര്‍ക്കാര്‍ വരുമെന്ന് അവര്‍ ഒരിക്കലും കരുതിയിരിക്കില്ല. തങ്ങളുടെ ജനങ്ങളെ ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാര്‍ തന്നെ ശ്രമിക്കുമെന്ന് അവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലെന്നും” മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക പറഞ്ഞു. റായ്ബറേലി നിയോജക മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രിയങ്ക.

ബ്രിട്ടീഷ് ഭരണകാലത്ത് കര്‍ഷകര്‍ നടത്തിയ സമരങ്ങളെക്കുറിച്ച് പരാമര്‍ശിച്ച പ്രിയങ്ക റായ്ബറേലിയിലെ എല്ലാ പോരാട്ടങ്ങളിലും തെരഞ്ഞെടുപ്പുകളിലും, ഒരു വശത്ത് ജനാധിപത്യവും സത്യവും ഉണ്ടായിരുന്നു, മറുവശത്ത് ഭീകരതയും, ഈ പോരാട്ടത്തില്‍ എല്ലായ്‌പ്പോഴും സത്യത്തിനും ജനാധിപത്യ തത്വങ്ങള്‍ക്കും വിജയം ഉറപ്പാക്കിയെന്നും അവകാശപ്പെട്ടു. റായ്ബറേലിയിലെ തീപ്പൊരി പ്രസംഗത്തനിടെ ഇത് തന്റെ കുടുംബത്തിന്റെ രക്തം കലര്‍ന്ന മണ്ണാണെന്നും നിങ്ങളുടെ പൂര്‍വ്വികര്‍ ജീവന്‍ ബലിയര്‍പ്പിച്ച പുണ്യഭൂമിയാണിതെന്നും പ്രിയങ്ക പറഞ്ഞു. ഇന്ന് നമ്മള്‍ ജനങ്ങളുടെ ആത്മാഭിമാനത്തിനും അവരുടെ അവകാശങ്ങള്‍ക്കും വേണ്ടിയാണ് പോരാടുന്നതെന്നും നമുക്ക് പോരാടേണ്ടിവരുമെന്നും ഈ യുദ്ധം രാജ്യത്തിന്റെ ഏറ്റവും പുണ്യമുള്ള മണ്ണിലാണെന്നും ഞങ്ങളുടെ പൂര്‍വ്വികര്‍ പോരാടിയ എല്ലാത്തിനും വേണ്ടിയാണ് ഞങ്ങള്‍ പോരാടുന്നതെന്നും പ്രിയങ്ക സദസിനോട് പറഞ്ഞു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അമ്മ സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ നിന്നാണ് ഇത്തവണ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അതേസമയം, റായ്ബറേലിയില്‍ നിന്ന് പരാജയപ്പെട്ടപ്പോള്‍ ഇന്ദിരാഗാന്ധി ദേഷ്യപ്പെട്ടിരുന്നില്ലെന്നും ആ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിച്ചുവെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കനത്ത സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കിലും വഴങ്ങാതിരുന്ന പ്രിയങ്ക, സഹോദരന്‍ രാഹുല്‍ ഗാന്ധിക്കായുള്ള പ്രചാരണത്തിലാണിപ്പോള്‍.

More Stories from this section

family-dental
witywide