അമേരിക്കയും ഇറാനെതിരെ നേരിട്ട് പടയൊരുക്കം തുടങ്ങി? ട്രംപ് സുപ്രധാന ഉത്തരവ് ഇറക്കുമോ? ഇസ്രയേലിനെ സഹായിക്കാൻ 30ലധികം ടാങ്കറുകൾ എത്തിച്ചെന്ന് റിപ്പോർട്ട്

വാഷിംഗ്ടണ്‍: ഇറാനിൽ ഇസ്രയേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തുമ്പോൾ അവയ്ക്ക് ഇന്ധനം നിറച്ച് സഹായിക്കാൻ യുഎസ് വ്യോമസേനയെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നിയോഗിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുപ്പതിലധികം യുഎസ് വ്യോമയാന ഇന്ധനം നിറയ്ക്കുന്ന ടാങ്കറുകൾ ഈ മേഖലയിലേക്ക് എത്തിച്ചത് ഈ സാഹചര്യത്തിന് ഒരു കാരണമാണ്. ഇസ്രായേൽ വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നത് യുഎസ് സൈനിക ഇടപെടലിന്‍റെ ചെറിയൊരു ഭാഗമായിരിക്കുമെന്ന് വൃത്തങ്ങൾ പറഞ്ഞു.

എന്നാല്‍, കാര്യങ്ങൾ കൂടുതൽ വഷളാകുകയും യുഎസ് കൂടുതൽ ഇടപെടാൻ ആഗ്രഹിക്കുകയും ചെയ്താൽ, ട്രംപിനും യുഎസ് സെൻട്രൽ കമാൻഡിനും ഓപ്ഷനുകൾ നൽകുന്നതിനായാണ് ഈ ടാങ്കറുകൾ മാറ്റിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് – ഇസ്രായേൽ സംയുക്ത ആക്രമണത്തിനുള്ള സാധ്യതയും ഇതിൽ ഉൾപ്പെടുന്നുവെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു, ഇത് സെന്‍റ്കോം ട്രംപിന് മുന്നിൽ വെച്ച ഓപ്ഷനാണ് ഇത്. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വാരാന്ത്യത്തിൽ യുഎസ്എസ് നിമിറ്റ്സ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പ് ഉൾപ്പെടെയുള്ള അധിക സൈനിക ശക്തികൾ സെന്‍റ് കോമിലേക്ക് അയക്കാൻ ഉത്തരവിട്ടിരുന്നു.

ഇറാനുമേലുള്ള ആകാശത്ത് ഇപ്പോൾ പൂർണ്ണമായ നിയന്ത്രണമുണ്ടെന്നാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞത്. യുഎസ് സൈന്യം നിലവിലെ സംഘർഷങ്ങളിൽ നേരിട്ടുള്ള ഇടപെടൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇറാനുമേലുള്ള ആകാശത്ത് ഇപ്പോൾ പൂർണ്ണമായ നിയന്ത്രണമുണ്ടെന്നാണ് ട്രംപിന്‍റെ അവകാശവാദം. എന്നാല്‍, പ്രസ്താവനയിലെ ‘നമ്മൾ’ എന്നത് ആരെയാണ് സൂചിപ്പിക്കുന്നതെന്ന് വ്യക്തമല്ല.ഇറാന് നല്ല ആകാശ ട്രാക്കറുകളും മറ്റ് പ്രതിരോധ ഉപകരണങ്ങളും ധാരാളമുണ്ടായിരുന്നു, പക്ഷേ അത് അമേരിക്കൻ നിർമ്മിതവും, വിഭാവനം ചെയ്തതും, നിർമ്മിച്ചതുമായ വസ്തുക്കളുമായി താരതമ്യം ചെയ്യാനാവില്ലെന്നും ട്രംപ് കുറിച്ചു.