കേരളത്തിൽ ഇന്നും ഡ്രൈവിങ് ടെസ്റ്റുകള്‍ മുടങ്ങി; പ്രതിഷേധം തുടരുന്നു; ആരെയും ടെസ്റ്റിന് കയറ്റില്ലെന്ന് പ്രഖ്യാപനം

തിരുവനന്തപുരം: കേരളത്തിൽ പല ജില്ലകളിലും പ്രതിഷേധങ്ങള്‍ക്കിടെ ഇന്നും ലൈസന്‍സ് ടെസ്റ്റുകള്‍ തടസ്സപ്പെട്ടു. സിഐടിയു ഒഴികെയുള്ള സംഘടനകളാണ് ഇന്ന് പ്രതിഷേധിക്കുന്നത്. തിരുവനന്തപുരം മുട്ടത്തറയില്‍ പന്തല്‍ കെട്ടിയാണ് പ്രതിഷേധിച്ചത്. ടെസ്റ്റിന് എത്തുന്നവരെ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു സമരക്കാര്‍.

ഗതാഗതന്ത്രി കെബി ഗണേഷ്‌കുമാര്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സിഐടിയു പ്രതിഷേധത്തില്‍ നിന്നും പിന്‍മാറിയത്. എന്നാല്‍ ഡ്രൈവിങ് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് മന്ത്രി ഏകപക്ഷീയമായി ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് സംയുക്ത തൊഴിലാളി യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി.

പരിഷ്‌ക്കരണം പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നാണ് ഐഎന്‍ടിയുസിയും സ്വതന്ത്ര സംഘടനകളും ആവശ്യപ്പെടുന്നത്. കണ്ണൂര്‍ തോട്ടടയില്‍ സംയുക്ത സമിതി ടെസ്റ്റ് ഗ്രൗണ്ടില്‍ കിടന്ന് പ്രതിഷേധിക്കുന്നത്. എറണാകുളത്തും സ്‌കൂളുകാര്‍ ടെസ്റ്റ് ബഹിഷ്‌ക്കരിച്ചു. ടെസ്റ്റ് നടത്താന്‍ കഴിയില്ലെന്ന് ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. പഴയ രീതിയില്‍ തന്നെ ടെസ്റ്റ് നടത്തണമെന്ന് ടെസ്റ്റിന് വന്നവരും ആവശ്യപ്പെട്ടു.

പത്തനംതിട്ടയില്‍ ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിന് നിലവാരമില്ലെന്നു പറഞ്ഞും പ്രതിഷേധമുണ്ടായി. ഡ്രൈവിംഗ് ടെസ്റ്റുമായി സഹകരിക്കില്ലെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഓണേഴ്‌സ് സമിതിയായ കെഎംഡിഎസ് അറിയിച്ചിരുന്നു. ഗതാഗത കമ്മീഷണറുടെ സര്‍ക്കുലറിനെതിരെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുമെന്നും പുതിയ ഹര്‍ജി ഫയല്‍ ചെയ്യുമെന്നും കെഎംഡിഎസ് അറയിച്ചു.