‘ഭാരനിയന്ത്രണം അത്‌ലറ്റിന്റെയും കോച്ചിന്റെയും ജോലി’; വിനേഷിനെതിരെ പിടി ഉഷ, കയ്യൊഴിഞ്ഞ് ഒളിമ്പിക് അസോസിയേഷന്‍

പാരിസ്: ഒളിമ്പിക്സിൽ ഭാര പരിശോധനയില്‍ പരാജയപ്പെട്ടതു കാരണം വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പട്ട സംഭവത്തില്‍ മെഡിക്കല്‍ ടീമിനെതിരെ വിരൽ ചൂണ്ടി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ) പ്രസിഡന്റ് പി.ടി ഉഷ. ഭാര നിയന്ത്രണത്തെക്കുറിച്ച് ശ്രദ്ധ പുലര്‍ത്തേണ്ടത് അത്‌ലറ്റും അവരുടെ കോച്ചുമാണെന്ന് ഉഷ പറഞ്ഞു. വിനേഷിന്റെ അയോഗ്യതയില്‍ നേരത്തേ ഐഒഎ നിയമിച്ച മെഡിക്കല്‍ ഓഫീസറായ ദിന്‍ഷോ പര്‍ദിവാല പ്രതിക്കൂട്ടിലായിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ അവരെ ന്യായീകരിച്ച് ഉഷ രംഗത്തു വന്നിരിക്കുന്നത്.

​ഗുസ്തി, ബോക്സിങ്, ജൂഡോ തുടങ്ങിയ ഇനങ്ങളിൽ ഉത്തരവാദിത്വം താരത്തിനും കോച്ചിനുമാണ്. ഒളിമ്പിക് അസോസിയേഷൻ മെഡിക്കൽ ടീമിനെതിരായി നടക്കുന്ന വിദ്വേഷപ്രചാരണത്തെ അപലപിക്കുന്നുവെന്നും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി. ഉഷ പറഞ്ഞു.

“ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍ മെഡിക്കൽ ടീമിനെതിരായുള്ള വിദ്വേഷപ്രചാരണം അസ്വീകാര്യവും അപലപനീയവുമാണ്. ഏതെങ്കിലും തരത്തിലുള്ള നി​ഗമനങ്ങളിൽ എത്താൻ തിരക്കുകൂട്ടുന്നതിനു മുമ്പ് വസ്തുതകൾ പരി​ശോധിക്കണം. 2024 പാരീസ് ഒളിമ്പിക്സിൽ പങ്കെടുത്ത ഓരോ ഇന്ത്യൻ കായികതാരത്തിനും അവരുടേതായ സപ്പോർട്ടിങ് ടീം ഉണ്ടായിരുന്നു. ഇത്തരം ടീമുകൾ താരങ്ങൾക്കൊപ്പം വർഷങ്ങളായി പ്രവർത്തിക്കുന്നവരാണ്,” പി.ടി. ഉഷ പ്രസ്താവനയിൽ പറയുന്നു.

വനിതകളുടെ 50 കിഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് ഫൈനലിനു മുമ്പ് വിനേഷ് അയോഗ്യയാക്കപ്പെട്ടത്. അനുവദിക്കപ്പെട്ട 50 കിഗ്രാമിനേക്കാള്‍ 100 ഗ്രാം അധികമുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് താരത്തെ അയോഗ്യയാക്കിയത്. ഇതേ തുടര്‍ന്ന് ഉറപ്പായ വെള്ളി മെഡലും വിനേഷിനു നഷ്ടമായിരുന്നു. തനിക്കെതിരായ നടപടിക്കെതിരേ അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചിരിക്കുകയാണ് താരം. വെള്ളി മെഡല്‍ തനിക്കു നല്‍കണമെന്നാണ് ഹര്‍ജിയില്‍ വിനേഷിന്റെ പ്രധാന ആവശ്യം.