എഡിഎമ്മിൻ്റെ മരണം; കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയ്ക്ക് എതിരെ രോഷം ആളിക്കത്തുന്നു

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയുടെ അഴിമതി ആരോപണത്തെ തുടർന്ന് കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കി എന്ന ആരോപണത്തെ തുടർന്ന് ദിവ്യയ്ക്കും സിപിഎമ്മിനും എതിരെ രോഷം ആളിക്കത്തുന്നു. പത്തനം തിട്ടയിലേക്ക് സ്ഥലം മാറ്റം കിട്ടിയ എഡിമ്മിനു യാത്രയയപ്പ് നൽകുന്നതിനിടെ ക്ഷണിക്കപ്പെടാതിരുന്നിട്ടു കൂടി അവിടെ എത്തി എഡിഎമ്മിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുകയായിരുന്നു ദിവ്യ. കണ്ണൂരിലെ ഒരു പെട്രോൾ പമ്പിന് എൻഒസി നൽകുന്നതുമായി ബന്ധപ്പെട്ടാണ് ദിവ്യ ആരോപണം ഉന്നയിച്ചത്. ദിവ്യ വിളിച്ചു പറഞ്ഞിട്ടും എഡിഎം എൻഒസി നൽകിയില്ലെന്നും ഒടുവിൽ പോകുന്നതിനു മുമ്പ് എൻഒസി നൽകിയത് എങ്ങനെയെന്ന് തനിക്ക് അറിയാമെന്നും രണ്ടു ദിവസത്തിനുള്ളിൽ താൻ ആ വിവരങ്ങൾ പുറത്തുവിടും എന്നുമാണ് ദിവ്യ യാത്രയയപ്പ് വേദിയിൽ പ്രസംഗിച്ചത്. ദിവ്യയ്ക്കെതിരെ പാർട്ടിഭേദമെന്യേ വലിയ പ്രതിഷേധം ഉയരുകയാണ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫിസിനു മുമ്പിലും കലക്ടറേറ്റിലും വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. മരിച്ച നവീൻ ബാബുവും കുടുംബവും ഇടതു സഹയാത്രികരായിരുന്നു.

പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍

തിരുവനന്തപുരം: കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം കൊലപാതകത്തിന് തുല്യമായ സംഭവമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, നവീന്‍ ബാബുവിനെ അപമാനിക്കും വിധം സംസാരിച്ചു. ഇത് കൊലപാതകത്തിന് തുല്യമായ സംഭവമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ‘അഴിമതിക്കാരനെന്ന് പ്രതിപക്ഷ സംഘടനകള്‍ക്ക് പോലും അഭിപ്രായം ഇല്ലാത്ത ആളായിരുന്നു നവീന്‍ ബാബു. ക്ഷണിക്കപ്പെടാതെ വന്ന് അപമാനിച്ച് മടങ്ങുന്ന പെരുമാറ്റമാണ് ജില്ലാ പഞ്ചായത്ത് പ്രഡിഡന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്’, വി.ഡി.സതീശന്‍ പറഞ്ഞു.

സണ്ണി ജോസഫ് എം.എല്‍.എ

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സണ്ണി ജോസഫ് എം.എല്‍.എ. ക്ഷണിക്കപ്പെടാത്ത അതിഥിയായി കടന്നുചെന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധിക്ഷേപകരമായ കാര്യങ്ങള്‍ പറയുകയായിരുന്നുവെന്നു സണ്ണി ജോസഫ് ആരോപിച്ചു.

ഏതായാലും ഈ മരണ കാരണം പരിശോധിക്കപ്പെടണം. സര്‍ക്കാര്‍ ഇത് ഗൗരവത്തിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് മരണകാരണം എന്ത് എന്ന് കണ്ടെത്തണം. സര്‍ക്കാരിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് നവീന്‍ ബാബു. കളക്ടര്‍ കഴിഞ്ഞാല്‍ രണ്ടാമത്തെയാളാണ്. ആ ഒരു വ്യക്തിക്ക് പോലും ഇത്തരത്തില്‍ ജീവിതം അവസാനിപ്പിക്കേണ്ട സാഹചര്യം ഉണ്ടാവുന്നു എന്നത് ഏറെ വേദനാജനകമാണ്. പ്രതിഷേധാര്‍ഹമാണ്. വളരെ ശക്തമായ അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടാവണമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.

റിജിൽ മാക്കുറ്റി

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യയുടെ ഭാഗത്തുനിന്നുണ്ടായത് മനുഷ്യത്വരഹിതമായ നടപടിയെന്ന് കെ.പി.സി.സി അംഗം റിജിൽ മാക്കുറ്റി. അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കുകയായിരുന്നു വേണ്ടതെന്ന് റിജിൽ മാക്കുറ്റി പ്രതികരിച്ചു.

“ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയ്തതിനോട് ഒരു തരത്തിലും യോജിക്കാനാവില്ല. അവര്‍ക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. അവര്‍ക്കെതിരേ കൊലകുറ്റത്തിന് കേസെടുക്കേണ്ടതാണ്. അഴിമതി നടത്തിയെങ്കില്‍ അതിനുള്ള നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടത്. അധികാരമുണ്ടെന്ന് വെച്ച് എന്തും പറയാമെന്നാണോ. ക്ഷണിക്കാത്ത ഒരു വേദിയില്‍ കയറി ഇത്തരം ആക്ഷേപം ഉന്നയിക്കാന്‍ ഇവരാരാ സൂപ്പര്‍ മുഖ്യമന്ത്രിയോ.” റിജിൽ ചോദിച്ചു.

Public Anger Against Kannur Jilla Panchayat President PP Divya on ADM Death

More Stories from this section

family-dental
witywide