‘എന്നെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കരുതെന്ന് അവരോട് പറയണം…’ ജയിലിലെത്തിയ പഞ്ചാബ് മുഖ്യമന്ത്രിയോട് കെജ്രിവാള്‍

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഇന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ തിഹാര്‍ ജയിലില്‍ സന്ദര്‍ശിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ ബ്ലോക്ക് സ്ഥാനാര്‍ത്ഥികള്‍ക്കായി സജീവമായി പ്രചാരണം നടത്താന്‍ കെജ്രിവാള്‍ തന്നോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. രണ്ടാഴ്ചയ്ക്കിടെ കെജ്രിവാളുമായി ജയിലില്‍ അദ്ദേഹം നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്.

കെജ്രിവാളിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഇന്‍സുലിന്‍ എടുക്കുന്നുണ്ടെന്നും പതിവ് പരിശോധനകള്‍ക്ക് വിധേയനായിട്ടുണ്ടെന്നും ഭഗവന്ത് മന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മാത്രമല്ല, തന്നെക്കുറിച്ച് ആശങ്കപ്പെടേണ്ടെന്നും തിരഞ്ഞെടുപ്പ് സമയത്ത് വോട്ടവകാശം വിനിയോഗിക്കണമെന്നും ഡല്‍ഹി മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചതായും അദ്ദേഹം വ്യക്തമാക്കി.

കെജ്രിവാളിനെ ആദ്യമായി കണ്ടത് പോലെയുണ്ടായിരുന്നെന്നും കെജ്രിവാളിന്റെ കാര്യത്തില്‍ സംഭവിച്ചതെല്ലാം തെറ്റാണെന്നാണ് രാജ്യം മുഴുവന്‍ പറയുന്നതെന്നും അദ്ദേഹം എന്നോട് ഡല്‍ഹിയില്‍ വരാനും ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും എവിടെയും ഇന്ത്യാ ബ്ലോക്ക് സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്താനും ആവശ്യപ്പെട്ടുവെന്നും ഭഗവന്ത് മന്‍ മാധ്യമങ്ങളോട് പറഞ്ഞു.