
ന്യൂഡല്‍ഹി: പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള യുവാവ് കാനഡയില്‍ വെടിയേറ്റ് മരിച്ചു. കാനഡയിലെ സറേയില്‍ വെച്ചാണ് 28 കാരനായ യുവരാജ് ഗോയലിന് വെടിയേറ്റത്. കൊലപാതകമാണെന്നാണ് സംശയം.
യുവരാജ് ഗോയല്‍ 2019-ല്‍ ഒരു സ്റ്റുഡന്റ് വിസയിലാണ് കാനഡയിലെത്തിയത്, അടുത്തിടെ കനേഡിയന്‍ പെര്‍മനന്റ് റസിഡന്റ് (പിആര്‍) പദവിയും നേടിയിരുന്നു. നിലവില്‍ സെയില്‍സ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്നു. യുവാവിന് ക്രിമിനല്‍ റെക്കോര്‍ഡ് ഇല്ലെന്നും കൊലപാതകത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും റോയല്‍ കനേഡിയന്‍ പോലീസ് പറഞ്ഞു.
ജൂണ്‍ 7 ന് രാവിലെ 8:46 ഓടെ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ 164 സ്ട്രീറ്റിലെ 900-ബ്ലോക്കില്‍ വെടിവയ്പ്പ് നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ യുവരാജിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാല് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.
യുവരാജിന്റെ അച്ഛന്‍ രാജേഷ് ഗോയല്‍ വിറകു കച്ചവടം നടത്തിവരികയാണ് അമ്മ ശകുന്‍ ഗോയല്‍ ഒരു വീട്ടമ്മയാണ്.