ആകാശത്ത് ആടിയുലഞ്ഞ് ഖത്തര്‍ എയര്‍വേയ്സ് വിമാനം, 12 പേര്‍ക്ക് പരിക്ക്; അടിയന്തര ലാന്‍ഡിംഗ്

ഡബ്ലിന്‍: ദോഹയില്‍ നിന്ന് അയര്‍ലണ്ടിലേക്ക് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്സ് വിമാനം എയര്‍ ആകാശത്ത് ആടിയുലഞ്ഞ് യാത്രക്കാരായ 12 പേര്‍ക്ക് പരിക്കേറ്റു. ആറ് യാത്രക്കാര്‍ക്കും വിമാനത്തിലെ ആറ് ക്രൂ അംഗങ്ങള്‍ക്കുമാണ് പരിക്കേറ്റത്. തുര്‍ക്കിക്ക് മുകളില്‍ വച്ചാണ് വിമാനം എയര്‍ ടര്‍ബുലന്‍സില്‍ അകപ്പെട്ടതെന്നാണ് വിമാനത്താവള അധികൃതര്‍ നല്‍കുന്ന വിവരം.

വിമാനം അടിയന്തരമായി ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എമര്‍ജന്‍സി ലാന്‍ഡ് ചെയ്തു. ക്യു.ആര്‍. 017 എന്നു പേരുള്ള ബോയിങ്ങ് 787 വിമാനമാണ് ഡബ്ലിനില്‍ പ്ലാദേശിക സമയം ഒരു മണിയോടെ ലാന്‍ഡ് ചെയ്തത്. വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്ത് തന്നെ എയര്‍ പോര്‍ട്ട് പൊലീസും അഗ്‌നിരക്ഷാ സേനയും സജ്ജരായിരുന്നു. വിമാനം സുരക്ഷിതമായി ഷെഡ്യൂള്‍ ചെയ്ത പ്രകാരം തന്നെ ലാന്‍ഡ് ചെയ്തതായി വിമാനത്താവള അധികൃതര്‍ ഞായറാഴ്ച അറിയിച്ചു.

ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബാങ്കോക്കില്‍ അടിയന്തരമായി ഇറക്കിയതിന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. അന്ന് 73കാരനായ ബ്രിട്ടീഷുകാരന്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.