
ദില്ലി: എൻ ഡി എ യോഗം നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചതോടെ സർക്കാർ രൂപീകരിക്കാമെന്ന ഇന്ത്യ മുന്നണിയുടെ ആലോചനകളുടെ വാതിലും അടഞ്ഞു. വൈകുന്നേരം പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന എൻ ഡി എ യോഗമാണ് നരേന്ദ്ര മോദിയെ മുന്നണിയുടെ നേതാവായി നിശ്ചയിച്ചത്. ഇതോടെയാണ് സർക്കാർ രൂപീകരിക്കാനുള്ള ആലോചനയിൽ നിന്നും ഇന്ത്യ മുന്നണി പിൻവാങ്ങിയിയത്. നിതീഷ് കുമാറിലും ചന്ദ്രബാബു നായിഡുവിലും പ്രതീക്ഷ വെച്ചെങ്കിലും അത് തത്കാലം പാളിയിട്ടുണ്ട്.നിതീഷും നായിഡുവും എൻ ഡി എ സർക്കാരിനുള്ള കത്ത് നൽകിയ സാഹചര്യത്തിൽ തുടർ ചർച്ചകൾക്ക് സാധ്യത മങ്ങി.
എന്നാൽ സർക്കാർ രൂപീകരണത്തിന് പ്രാദേശിക കക്ഷികൾ ശ്രമിച്ചാൽ പിന്തുണക്കാനാണ് കോൺഗ്രസിന്‍റെ തീരുമാനം. നിലവിലെ സാഹചര്യത്തിൽ ഇന്ത്യ സഖ്യയോഗം പ്രതിപക്ഷ നേതൃസ്ഥാനത്തിന്‍റെ കാര്യത്തിലുള്ള ചർച്ചകളിലേക്ക് കടന്നിട്ടുണ്ട്. യോഗത്തിൽ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവാക്കാനാണ് കോൺഗ്രസ് നീക്കം. 99 സീറ്റുകൾ നേടിയ കോൺഗ്രസിന്‍റെ അവകാശവാദം മുന്നണി യോഗത്തിൽ അംഗീകരിക്കപ്പെടാനാണ് സാധ്യത.












