ട്രോളി വിവാദത്തിൽ സിപിഎമ്മിൽ അഭിപ്രായ ഭിന്നത! ‘മഞ്ഞപ്പെട്ടി, നീലപ്പെട്ടി’ എന്നൊക്കെ പറഞ്ഞ് കണ്ണില്‍ പൊടി ഇടരുതെന്ന് കൃഷ്ണദാസ്, പരാതിയുമായി മുന്നോട്ടെന്ന് സിപിഎം

പാലക്കാട്: കോണ്‍ഗ്രസ് നേതാക്കള്‍ കള്ളപ്പണം കൊണ്ടുവന്നുവെന്ന് ആരോപിക്കുന്ന ട്രോളി വിവാദത്തിൽ സിപിഎമ്മിൽ അഭിപ്രായ ഭിന്നത. ട്രോളി വിവാദം പരസ്യമായി തള്ളി മുതിർന്ന സിപിഎം നേതാവ് എന്‍ എന്‍ കൃഷ്ണദാസാണ് രംഗത്തെത്തിയത്. മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ജനങ്ങളുടെ കണ്ണിൽ പൊടി ഇടരുത്. തെരഞ്ഞെടുപ്പില്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത്. ആ വിഷയങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ച് വിജയിച്ചു വരാനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമിക്കേണ്ടതെന്നും സിപിഎം സംസ്ഥാന സമിതി അംഗം കൂടിയായ എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞു.

ട്രോളിയില്‍ പണമുണ്ടോ ഇല്ലയോ എന്നത് പാര്‍ട്ടികളല്ല പൊലീസാണ് നോക്കേണ്ടത്. മന്ത്രി എം ബി രാജേഷ് എന്തിനാണ് ട്രോളി വിവാദം ഉന്നയിക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കണം. ജില്ലാ സെക്രട്ടറി കേസിന് പോകുമെന്ന് കരുതുന്നില്ല എന്നും എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞു. പാര്‍ക്കുന്നത്തെ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച മുന്‍ എംഎംഎല്‍എ എം നാരായണന്റെ ചരമ വാര്‍ഷിക അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്.

ട്രോളി വിവാദം അനാവശ്യമാണ്. പെട്ടി ദൂരേയ്ക്ക് വലിച്ചെറിയണം. പാലക്കാട് രാഷ്ട്രീയം ചര്‍ച്ച ചെയ്താല്‍ കോണ്‍ഗ്രസും ബിജെപിയും തോല്‍ക്കും. ട്രോളി വിവാദം കഴിഞ്ഞു, ജനകീയ വിഷയങ്ങളിലേക്ക് ചര്‍ച്ച മാറണം. കോണ്‍ഗ്രസിന്റെ ട്രാപ്പില്‍ തല വെച്ചു കൊടുക്കരുത്. സഖാക്കള്‍ വരും ദിവസങ്ങളില്‍ ഇക്കാര്യം ഓര്‍മ്മിക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

എന്നാൽ ട്രോളി വിവാദത്തില്‍ മുന്‍ എംപി എന്‍ എന്‍ കൃഷ്ണദാസിന്റെ പ്രസ്താവനയെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു പിന്നാലെ രംഗത്തെത്തി. പെട്ടിയില്‍ കള്ളപ്പണമാണെന്ന് സുരേഷ് ബാബു ആവര്‍ത്തിച്ചു. ട്രോളിയില്‍ പരാതിയുമായി മുന്നോട്ടു പോകും. സിപിഎം കൊടുത്ത പരാതിയും അന്വേഷണത്തിന്റെ ഭാഗമാകും. നിയമപരമായ അന്വേഷണം നടത്തിക്കഴിയുമ്പോഴാണ് കള്ളപ്പണ വിവാദത്തിന്റെ കൃത്യമായ വസ്തുത പുറത്തു വരികയെന്നും സുരേഷ് ബാബു പറഞ്ഞു.

Also Read

More Stories from this section

family-dental
witywide