
ന്യൂഡൽഹി: തിങ്കളാഴ്ച നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിന് ദിവസങ്ങൾ ബാക്കിനിൽക്കെ അയോധ്യ ക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്ന ശ്രീരാമവിഗ്രഹത്തിന്റെ മുഖം ഇന്ന് വെളിപ്പെടുത്തി. ശ്രീരാമനെ അഞ്ചുവയസ്സുള്ള കുട്ടിയായി വിഗ്രഹത്തിൽ ചിത്രീകരിച്ചിരിക്കുന്നു.
മൈസൂര്‍ ആസ്ഥാനമായ ശില്‍പി അരുണ്‍ യോഗിരാജ് രൂപകല്‍പന ചെയ്ത 51 ഇഞ്ച് വിഗ്രഹം വ്യാഴാഴ്ച പുലര്‍ച്ചെയാണ് ക്ഷേത്രത്തിലെത്തിച്ചത്. കരിങ്കല്ലിലാണ് വിഗ്രഹം നിർമിച്ചിരിക്കുന്നത്. വ്യാഴാഴ്ച പ്രാർഥനകൾക്കിടയിലാണ് രാം ലല്ല വിഗ്രഹം ശ്രീകോവിലിൽ പ്രതിഷ്ഠിച്ചത്.
ജനുവരി 22ന് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തതായി ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് പറഞ്ഞു.
“ക്ഷേത്രത്തിൽ രാംലല്ല സ്ഥാപിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളും മെഡിക്കൽ സൗകര്യങ്ങളും മരുന്നുകളും ഉൾപ്പെടെ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്,” പതക് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
തിങ്കളാഴ്ച അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും മറ്റ് നിരവധി പ്രമുഖരും പങ്കെടുക്കും.
ജനുവരി 12 ന് ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിച്ചു. ജനുവരി 22 ന് പ്രധാനമന്ത്രി മോദി പ്രാണപ്രതിഷ്ഠാ പൂജ നിർവഹിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ലക്ഷ്മീകാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പൂജാരിമാർ പ്രാണപ്രതിഷ്ഠയുടെ പ്രധാന ചടങ്ങുകൾ നിർവഹിക്കും.