
ക്നാനായ കത്തോലിക്കരുടെ നോര്‍ത്ത് അമേരിക്കയിലെ ആദ്യ ദേവാലയമായ ഇല്ലിനോയ് മെയ് വുഡ് സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയം ചിക്കാഗോയിലെ ബെന്‍സന്‍ വില്ലിലേക്ക് മാറ്റി സ്ഥാപിച്ചു. പുതിയ ദേവാലയത്തിന്റെ പുനര്‍ കൂദാശാകര്‍മങ്ങള്‍ വലിയ ആഘോഷപൂർവവും ഭക്തിപൂർവവും നടത്തി. പുതിയതായി വാങ്ങിയ ദേവാലയത്തിൻ്റെ മുറ്റത്തും പരിസരത്തും വലിയ ജനക്കൂട്ടമായിരുന്നു. അമേരിക്കയിലെ വിവിധ ഇടവകളിൽ നിന്നുള്ള പുരോഹിതരും സിസ്റ്റേഴ്സും ഈ ചടങ്ങിൽ പങ്കെടുത്തു.

ക്നാനായ സമുദായത്തിന്റെ വലിയ ഇടയന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ചിക്കാഗോ സെ. തോമസ് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട്, ബിഷപ്പ് എമിരിറ്റസ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ജൂലിയറ്റ് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് റൊണാള്‍ഡ് ഹിക്സ് എന്നിവരെ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. തുടർന്ന് പള്ളിയിലേക്ക് പ്രദക്ഷിണം നടന്നു.

കുർബാനയോടു കൂടിയാണ് പുനർകൂദാശ ആരംഭിച്ചത്. ചിക്കാഗോ സെൻ്റ് തോമസ് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് കൂദാശയുടെ മുഖ്യ കാർമികനായിരുന്നു. അൾത്താരയും മദ്ബഹയും മാമ്മോദീസത്തൊട്ടിയും പള്ളിയുടെ നാല് ചുവരുകളും ആന വാതിലും അദ്ദേഹം വെഞ്ചരിച്ചു. ക്നാനായ സമുദായത്തിന്റെ വലിയ ഇടയന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് കുർബാനയുടെ മുഖ്യ കാർമികനായിരുന്നു. ബിഷപ്പ് എമിരിറ്റസ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ജൂലിയറ്റ് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് റൊണാള്‍ഡ് ഹിക്സ് എന്നിവര്‍ സഹകാർമികരായിരുന്നു.

ജൂലിയറ്റ് രൂപതയുടെ അജപാലനപരിധിയില്‍ ഉണ്ടായിരുന്ന ബെന്‍സന്‍വില്‍ സെ. ചാള്‍സ് ബൊറോമിയോ ദൈവാലയമാണ് ചിക്കാഗോയിലെ ക്നാനായകത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ ദൈവാലയമായി വാങ്ങിയത്. ഒട്ടേറെപ്പേരുടെ ത്യാഗപൂര്‍ണ്ണമായ സംഭാവനകളിലൂടെയാണ് ഈ ദേവാലയം വാങ്ങാന്‍ ഇടയാക്കിയത്.

ക്നാനായ റീജനിലെ വൈദികരും അല്മായ പ്രതിനിധികളും സമീപത്തുള്ള ഇതര ക്രൈസ്തവ സഭാംഗങ്ങളും സന്യസ്തരും ആത്മീയനേതൃത്വവും ഈ സുമുഹൂര്‍ത്തത്തില്‍ സന്നിഹിതരായിരുന്നു. 3 പായ്ക്കപ്പലിൽ 7 ഇല്ലത്തില പെട്ട 72 കുടുംബത്തിലെ 400 പേർ 4 വൈദികരുടേയും ശെമ്മാച്ചൻ മാരുടേയും നേതൃത്വത്തിൽ കടൽ മാർഗം മൊസോപ്പൊട്ടോമിയയിൽ നിന്ന് 17 നൂറ്റാണ്ടുകൾക്ക് മുമ്പ് കേരളത്തിലെത്തി സ്ഥാപിച്ചതാണ് ക്നാനായ സമൂഹം. ആ സമൂഹത്തിന്റെ പാരമ്പര്യവും വിശ്വാസവും ഇപ്പോഴും ഒരു കലർപ്പുമില്ലാതെ കാത്തു സൂക്ഷിക്കുന്ന സമൂഹമാണ് ക്നാനായ സമൂഹം.

ഇല്ലിനോയ് മെയ് വുഡ് സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയം ചിക്കാഗോയിലെ ബെന്‍സന്‍ വില്ലിലേക്ക് മാറ്റി സ്ഥാപിച്ച്, പുനർകൂദശ ചെയ്തതായുള്ള ചിക്കാഗോ സെൻ്റ് തോമസ് രൂപത ചാൻസലർ മാര്‍ ജോയ് ആലപ്പാട്ട്, വൈസ് ചാൻസലർ ഫാ. ജോൺസൺ സേവ്യർ കോവിൽപുത്തൻപുരയിൽ എന്നിവരുടെ കല്പന കുർബാനയ്ക്ക് ഇടയിൽ വായിച്ചു. സേക്രഡ് ഹാർട്ട് പള്ളി വികാരിയായി ഫാ. തോമസ് മുളവനാലും അസി. വികാരിയായി ബിൻസ് ജോസ് ചേതലിലും തുടരും.
reconsecration of Sacred Heart Knanaya catholic Church