‘ഇമ്രാന്‍ ഖാനെ വിട്ടയയ്ക്കുക’ ഇന്ത്യ-പാക് ടി20യ്ക്കിടെ നാസൗ കൗണ്ടി സ്റ്റേഡിയത്തിന് മുകളിലൂടെ പറന്ന് വിമാനം

ന്യൂയോര്‍ക്ക്: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ടി20 ലോകകപ്പ് മത്സരത്തിനിടെ ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന് മുകളിലൂടെ ഇമ്രാന്‍ ഖാനെ വിട്ടയയ്ക്കുക എന്ന സന്ദേശവുമായി പറന്ന് ഒരു വിമാനം. ബാനര്‍ വ്യക്തമായി കാണുന്ന തരത്തില്‍ സ്‌റ്റേഡിയത്തിന് വലംവെച്ച് പറക്കുകയായിരുന്നു വിമാനം. ഇതിന് പിന്നില്‍ ആരാണെന്നോ വിമാനം പറത്തിയത് ആരാണെന്നോ വിവരമില്ല.

ഇരു രാജ്യങ്ങളും തമ്മിലുള്ള ആവേശകരമായ ടി20 ലോകകപ്പ് 2024-ന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മത്സരമായിരുന്നു ഇന്നലെ ന്യൂയോര്‍ക്കിലുള്ള നസാവു കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്നത്. മത്സരത്തില്‍ പാക്കിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട വീഡിയോയില്‍ ഇമ്രാന്‍ ഖാനെ മോചിപ്പിക്കുക എന്ന് വ്യക്തമാക്കുന്ന ബാനറുമായി സ്റ്റേഡിയത്തിന് സമീപത്തുകൂടി വിമാനം പറക്കുന്നത് വ്യക്തമാക്കുന്നു. മഴ കാരണം കളി ഇടയ്ക്ക് ഇടവേള എടുത്തപ്പോഴായിരുന്നു സംഭവം. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫും (പിടിഐ) അതിന്റെ എക്സില്‍ വീഡിയോ പങ്കിട്ടു.

അഴിമതിക്കേസില്‍ 2023 ഓഗസ്റ്റ് മുതല്‍ റാവല്‍പിണ്ടിയിലെ അഡിയാലജയിലില്‍ കഴിയുകയാണ് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍. ഡസന്‍ കണക്കിന് മറ്റ് കേസുകളിലും ഉള്‍പ്പെട്ടതിനാല്‍ ഇമ്രാന്‍ ഖാന്‍ നിയമ പോരാട്ടത്തിലാണ്.