2021 ജനുവരി 6 ലെ കലാപം; യു.എസ് ക്യാപിറ്റോളില്‍ അതിക്രമിച്ച് കയറിയ ആദ്യ കലാപകാരിക്ക് 4 വര്‍ഷത്തിലധികം തടവ്

വാഷിംഗ്ടണ്‍: ഡോണള്‍ഡ് ട്രംപ് അനുകൂലികള്‍ 2021 ജനുവരി 6 ന് കോണ്‍ഗ്രസിന് നേരെ നടത്തിയ ആക്രമണത്തിനിടെ യുഎസ് ക്യാപിറ്റോളില്‍ അതിക്രമിച്ച് കയറിയ ആദ്യത്തെ കലാപകാരിയായ 53 മാസത്തെ തടവിന് ശിക്ഷിച്ചു. കെന്റക്കിക്കാരനായ മൈക്കല്‍ സ്പാര്‍ക്സ് (46)നെതിരെയാണ് നടപടി. ചൊവ്വാഴ്ചയാണ് വിധി വന്നത്.

ഫാക്ടറി സൂപ്പര്‍വൈസറായ പ്രതിക്കെതിരെ പ്രോസിക്യൂട്ടര്‍മാര്‍ 57 മാസം തടവാണ് ആവശ്യപ്പെട്ടത്. അതേസമയം സ്പാര്‍ക്സിന്റെ അഭിഭാഷകര്‍ 12 മാസത്തെ വീട്ടുതടങ്കലില്‍ വയ്ക്കണമെന്ന് ആവശ്യപ്പെട്ടു. മാര്‍ച്ചില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

തിരഞ്ഞെടുപ്പിന് പിന്നാലെ 2021 ല്‍ ജോ ബൈഡന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുമ്പോള്‍ തിരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാത്ത ട്രംപ് അനുകൂലികള്‍ ക്യാപിറ്റോളിലേക്ക് ഇടിച്ചു കയറി ആക്രമണം നടത്തുകയായിരുന്നു. കലാപത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. അമേരിക്കന്‍ ജനാധിപത്യ ചരിത്രത്തില്‍ കരിപുരണ്ട ദിനമായാണ് ക്യാപിറ്റോള്‍ കലാപത്തെ വിലയിരുത്തുന്നത്.