
കൊച്ചി: ഭീകര സംഘടനയായ ഐഎസിന് വേണ്ടി കേരളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ കുറ്റം തെളിയിക്കപ്പെട്ട റിയാസ് അബൂബക്കര്‍ എന്ന യുവാവിന് 10 വര്‍ഷം കഠിനതടവ്. കൊച്ചി എന്‍ഐഎ കോടതിയുടേതാണ് ഉത്തരവ്. 2018 ലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസ് അബൂബക്കര്‍ എന്‍ഐഎയുടെ പിടിയിലായത്.
കഠിനതടവിനൊപ്പം 1,25,000 പിഴയും വിധിച്ചിട്ടുണ്ട്. വിവിധ വകുപ്പുകള്‍ പ്രകാരം 25 വര്‍ഷം കഠിന തടവുണ്ടെങ്കിലും, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. അതേസമയം, നാലു വര്‍ഷം പ്രതി ജയിലില്‍ കഴിഞ്ഞ വിചാരണയുടെ കാലാവധി ശിക്ഷയില്‍ ഇളവു ചെയ്യുമെന്നും ഉത്തരവില്‍ പറയുന്നു.
റിയാസ് ഐഎസിന്റെ കേരള ഘടകം ഉണ്ടാക്കി ചാവേര്‍ സ്‌ഫോടങ്ങള്‍ക്ക് പദ്ധതി ഇട്ടെന്നായിരുന്നു കേസ്. ഇയാള്‍ക്കെതിരെ ചുമത്തിയ യു എ പി എ വകുപ്പുകളും ഗൂഡാലോചനാക്കുറ്റവുമാണ് കോടതിയില്‍ തെളിഞ്ഞിട്ടുള്ളത്. ഇയാള്‍ക്കൊപ്പം പിടിയിലായ രണ്ട് പേരെ കേസില്‍ എന്‍ഐഎ മാപ്പ് സാക്ഷി ആക്കിയിരുന്നു. പ്രതി സമൂഹത്തെ നശിപ്പിക്കാനാണ് ശ്രമിച്ചതെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.