ജോയി എവിടെ? റോബോട്ടും എൻഡിആർഎഫും രംഗത്ത്, പന്ത്രണ്ടാം മണിക്കൂറിലും കണ്ടെത്താനായില്ല, പാതിരാത്രി തിരച്ചിൽ നിർത്തി, രാവിലെ തുടരും

തിരുവനന്തപുരം: തലസ്ഥാനത്തെ തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ മാരായമുട്ടം സ്വദേശി ജോയിയെ കണ്ടെത്താനുള്ള തിരച്ചിൽ പന്ത്രണ്ടാം മണിക്കൂർ പിന്നിട്ടപ്പോൾ താത്കാലികമായി നിർത്തി. രാവിലെ 11 മണിക്ക് കാണാതായ ജോയിയെ കണ്ടെത്താനുള്ള തിരച്ചിൽ പാതിരാത്രി ഒരുമണിയോടെയാണ്‌ ഇന്നത്തെ തിരച്ചിൽ നിർത്തിയത്. നാളെ രാവിലെ 6 മണിയോടെ തിരച്ചിൽ വീണ്ടും തുടരുമെന്നാണ് അറിയിപ്പ്. അതേസമയം ജോയിയെ കണ്ടെത്താനായി റോബോട്ടിക് സംഘവും ദേശീയ ദുരന്ത നിവാരണ സേനയും രംഗത്തുണ്ട്.

റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോ​ഗിച്ചാണ് ഒടുവിൽ തെരച്ചിൽ നടത്തിയത്. ജോയിയെ കാണാതായ പ്രധാന ടണലിലടക്കം റോബോട്ടിനെ ഇറക്കിയുള്ള തിരച്ചിലാണ് രാത്രി നടന്നത്. മാലിന്യം നീക്കിയ ശേഷം രാത്രിയിലും പരിശോധന തുടരാൻ ശ്രമിച്ചെങ്കിലും രാത്രി ഒരു മണിയോടെ ഇന്നത്തെ തിരച്ചിൽ നിർത്തുകയായിരുന്നു . റെയിൽവേ സ്റ്റേഷന്റെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിന് ചേർന്നുള്ള മാൻഹോൾ തുറക്കാനാണ് ഇനി നീക്കം. മാലിന്യം മാറ്റിയ ശേഷം മാത്രമേ ഇനി തിരച്ചിൽ നടത്താൻ കഴിയുകയുളളു. ഒരാൾക്ക് മാത്രം ഇറങ്ങാവുന്ന മാൻഹോളിലേക്ക് ആളുകൾ ഇറങ്ങുന്നത് അപകടകരമെന്ന് കണ്ടാണ് മാലിന്യം നീക്കാൻ റോബോട്ടിനെ എത്തിച്ചത്.

ടെക്നോപാർക്കിലെ ജെൻ റോബോട്ടിക്സ് കമ്പിനിയുടെതാണ് റോബോട്ട്. റോബോട്ടിനെ റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ ഫ്ലാറ്റ് ഫോമിൽ എത്തിക്കും. ഇവിടെ നിന്ന് മാൻ ഹോളിൽ ഇറങ്ങി മാലിന്യങ്ങൾ നീക്കും. ഒപ്പം ജോയിക്കായി തിരച്ചിലും നടത്തും. റോബോട്ടിൻ്റെ പ്രവർത്തനങ്ങൾ മോണിറ്റർ വഴി നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് റോബോട്ടിനെ എത്തിക്കാൻ തീരുമാനമെടുത്തത്.

More Stories from this section

family-dental
witywide