ആമയിഴഞ്ചാന്‍ തോട്ടിലെ കണ്ണീർ, ജോയിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സർക്കാർ, വീട് വെച്ച് നൽകുമെന്ന് മേയർ

തിരുവനന്തപുരം: കേരളത്തിനാകെ നൊമ്പരമായി മാറിയ ജോയിയുടെ മരണത്തിനു പിന്നാലെ കുടുംബത്തെ സഹായിക്കാൻ തീരുമാനിച്ച് സംസ്ഥാന സർക്കാരും തിരുവനന്തപുരം കോർപറേഷനും. തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ അനുവദിക്കാനാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.

ജോയിയുടെ മാതാവിന് വീടുവച്ചു നല്‍കുമെന്ന് തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രനും അറിയിച്ചു. വീട് നല്‍കാന്‍ സര്‍ക്കാറിന്റെ അനുമതി തേടിയതായും മേയർ വ്യക്തമാക്കി. എം എല്‍ എയുടെ നേതൃത്വത്തില്‍ വീടിന് ആവശ്യമായ സ്ഥലം കണ്ടെത്താനാണ് തീരുമാനം.