മിന്നി മിന്നി റോക്ക്ഫെല്ലര്‍ സെന്റര്‍ ക്രിസ്മസ് ട്രീ, ഇക്കുറി 50000 ലൈറ്റുകളുടെ ശോഭ…

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റിയില്‍ ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ തണുത്ത ഡിസംബറിനൊപ്പം മനസിനെ കുളിരിലാഴ്ത്തുന്ന ഒന്നുകൂടി ഇതാ ഒരുങ്ങിക്കഴിഞ്ഞു. ക്രിസ്മസ് സീസണിന്റെ തുടക്കത്തെ സൂചിപ്പിക്കുന്ന ആ സുന്ദര നിമിഷത്തില്‍- റോക്ക്‌ഫെല്ലര്‍ സെന്റര്‍ ക്രിസ്മസ് ട്രീയുടെ പ്രകാശം പരക്കുകയാണ്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സന്ദര്‍ശകരെ ഈ കാഴ്ച്ച കാണാന്‍ ആകാംക്ഷയോടെ ആകര്‍ഷിക്കുകയാണ് ന്യൂയോര്‍ക്ക്.

ന്യൂയോര്‍ക്ക് നഗരത്തിലെ റോക്ക്‌ഫെല്ലര്‍ സെന്ററില്‍ സ്ഥാപിച്ച ക്രിസ്മസ് ട്രീയില്‍ ദീപാലങ്കാരങ്ങള്‍ തെളിയുന്നതോടെ യു.എസില്‍ അവധിക്കാലത്തിന് ഔദ്യോഗിക തുടക്കമാകുമെന്നാണ് പറയപ്പെടുന്നത്. ഗംഭീര ചടങ്ങുകളോടെയാണ് എല്ലാ കൊല്ലവും റോക്ക്‌ഫെല്ലര്‍ ക്രിസ്മസ് ട്രീയിലെ വൈദ്യുത വിളക്കുകളും നക്ഷത്രങ്ങളും തെളിയിക്കുന്നത്.

ഇക്കൊല്ലം ഡിസംബര്‍ 5-ന് രാത്രി, 50,000 വര്‍ണ്ണാഭമായ ലൈറ്റുകള്‍ ജനക്കൂട്ടത്തിനിടയില്‍ ആഹ്ലാദത്തിന്റെ തിരമാലകള്‍ തീര്‍ത്തുകൊണ്ട് ഉയര്‍ന്നുനില്‍ക്കുന്ന വൃക്ഷത്തെ പ്രകാശിപ്പിച്ചപ്പോള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ഔദ്യോഗികമായി ആരംഭിക്കുകയായിരുന്നു. ഈ ക്രിസ്മസ് ട്രീയുടെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുമുണ്ട്.

നിരവധി സെലിബ്രിറ്റികള്‍ പങ്കെടുത്ത താരനിബിഡ ചടങ്ങുകളോടെയാണ് ക്രിസ്മസ് ട്രീയില്‍ ദീപം തെളിഞ്ഞത്. ‘ക്രിസ്മസ് ഇന്‍ റോക്ക്‌ഫെല്ലര്‍ സെന്റര്‍’ സ്പെഷ്യലിന്റെ ഭാഗമായ ചടങ്ങ് കെല്ലി ക്ലാര്‍ക്സണ്‍ ആതിഥേയത്വം വഹിച്ചു. ബാക്ക്സ്ട്രീറ്റ് ബോയ്സ്, ജെന്നിഫര്‍ ഹഡ്സണ്‍, താലിയ, റേ തുടങ്ങിയ താരങ്ങള്‍ തങ്ങളുടെ പ്രകടനത്തിലൂടെ ഉത്സവാന്തരീക്ഷത്തിന് മാറ്റ് കൂട്ടി.

വെസ്റ്റ് സ്റ്റോക്ക്ബ്രിഡ്ജ് എന്ന ചെറുപട്ടണത്തില്‍ നിന്ന് എത്തിച്ച 74 അടി ഉയരവും 43 അടി വീതിയുമുള്ള മരമാണ് ഇത്തവണ ക്രിസ്മസ് ട്രീ ആയത്. മരത്തിന് ഏകദേശം, 70 വര്‍ഷം പഴക്കമുണ്ടെന്നാണ് വിവരം. 11 ടണ്‍ ഭാരമുണ്ട്. ക്രിസ്തുമസ് ദിനത്തില്‍ 24 മണിക്കൂര്‍ പ്രത്യേക പ്രകാശത്തോടെ തിളങ്ങുന്ന ഈ മരം ജനുവരി പകുതി വരെ ദീപാലങ്കാരങ്ങളാല്‍ തെളിഞ്ഞു നില്‍ക്കും.

More Stories from this section

family-dental
witywide