
ലണ്ടന്‍: ഉക്രേനിയന്‍ സൈന്യത്തിന് നല്‍കാന്‍ പണം സ്വരൂപിച്ചെന്ന് ആരോപിച്ച് റഷ്യന്‍-അമേരിക്കന്‍ യുവതി റഷ്യയില്‍ പിടിയിലായി. ഈ വര്‍ഷമാദ്യം റഷ്യയില്‍ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനിടെയാണ് ക്‌സെനിയ കരേലിന പിടിയിലാകുന്നത്. ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വ്യാഴാഴ്ച വിചാരണ തുടങ്ങി.
റഷ്യയില്‍ ജനിച്ചെങ്കിലും കരേലിന ഒരു ദശാബ്ദക്കാലം മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയതാണ്. 2012-ല്‍ ഒരു വര്‍ക്ക്-സ്റ്റഡി പ്രോഗ്രാമിലൂടെയാണ് കരേലീന യു.എസില്‍ എത്തിയത്. ശേഷം ലോസ് ആഞ്ചലസിലെ ഒരു സ്പായില്‍ പുതിയ ജീവിതം കെട്ടിപ്പടുക്കുകയായിരുന്നു കരേലിന. ഇവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ ജീവപര്യന്തം വരെ തടവ് അനുഭവിക്കേണ്ടിവരും. റഷ്യയില്‍ ഇത്തരം കേസുകളില്‍ അടച്ചമുറികളിലാണ് വിചാരണ നടക്കുക. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുന്നവര്‍ കുറ്റവിമുക്തരാക്കുന്നത് റഷ്യയില്‍ വിരളമാണ്.
റഷ്യയുടെ ആക്രമണത്തിന് ഇരയായ ഉക്രൈന് സൈനികേതര സഹായം അയയ്ക്കുന്ന ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ലാഭരഹിത സ്ഥാപനത്തിന് വേണ്ടി കരേലിന ഒരു ചെറിയ സംഭാവന നല്‍കിയതായി ബന്ധുക്കള്‍ പറയുന്നു. ഇതാണ് റഷ്യയുടെ നടപടിക്കിടയാക്കിയതെന്നാണ് വിവരം.
ഉക്രെയ്ന്‍-റഷ്യ യുദ്ധത്തിനിടെയില്‍ ഇത്തരം കേസുകളില്‍പ്പെട്ട് കുറഞ്ഞത് ഒരു ഡസന്‍ അമേരിക്കക്കാരെങ്കിലും നിലവില്‍ റഷ്യയില്‍ ജയിലിലാണെന്നാണ് വിവരം.
അതേസമയം, തടവിലാക്കപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ ഒരു അമേരിക്കന്‍ പൗരനും ഒരു കാരണവശാലും റഷ്യയിലേക്ക് യാത്ര ചെയ്യരുതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.