
ന്യൂഡല്‍ഹി: റഷ്യ ചുമത്തിയ പിഴയില്‍ കണ്ണുതള്ളിയിരിക്കുകയാണ് ഗൂഗിള്‍. എണ്ണിത്തീര്‍ക്കാന്‍ പോലും പറ്റാത്ത തുകയാണല്ലോയെന്നും ഇതിലും വലിയ പണി ഗൂഗിളിന് കിട്ടാനില്ലെന്നും സൈബറിടത്തില്‍ കമന്റുകള്‍ നിറയുന്നു. 20 ഡെസില്യണ്‍ ഡോളറാണ് ഈ തുക. 2നുശേഷം 34 പൂജ്യങ്ങള്‍ ചേര്‍ത്താലാണ് ഈ തുക കിട്ടുക.
ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബൈറ്റിന്റെ ഉടമസ്ഥതയിലുള്ള YouTubeനാണ് അഭൂതപൂര്‍വമായ പിഴ ചുമത്തിയത്. യൂട്യൂബിലെ റഷ്യന്‍ ഭരണകൂട പിന്തുണയുള്ള മാധ്യമ സ്ഥാപനങ്ങളില്‍ നിന്നുള്ള ചാനലുകള്‍ തടഞ്ഞുകൊണ്ട് ഗൂഗിള്‍ ദേശീയ പ്രക്ഷേപണ നിയമങ്ങള്‍ ലംഘിച്ചുവെന്ന റഷ്യന്‍ കോടതി വിധിയെ തുടര്‍ന്നാണ് പിഴ ചുമത്തിയത്. ഒമ്പത് മാസക്കാലയളവില്‍ ഈ ചാനലുകള്‍ യൂട്യൂബ് പുനസ്ഥാപിച്ചില്ലെങ്കില്‍ ഓരോ ദിവസവും പിഴ ഇരട്ടിയാവുമെന്നും കോടതി വിധിയിലുണ്ട്. ഇത് ആഗോള സമ്പദ്വ്യവസ്ഥയുടെ മുഴുവന്‍ തുകയേക്കാളും പല മടങ്ങ് വലുതാണ്.
യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ ഭരണകൂട പിന്തുണയുള്ള 17 യൂട്യൂബ് ചാനലുകള്‍ യൂട്യൂബ് തടഞ്ഞതാണ് കാരണം. ദേശീയ പ്രക്ഷേപണ നിയമങ്ങള്‍ ഗൂഗിള്‍ ലംഘിച്ചെന്ന് റഷ്യ ചൂണ്ടിക്കാട്ടി. എന്നാല്‍, അക്രമ സംഭവങ്ങളെ നിഷേധിക്കുന്നതോ ചെറുതാക്കുന്നതോ നിസ്സാരമാക്കുന്നതോ ആയ ഉള്ളടക്കത്തെ നിരോധിക്കുന്ന നയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നീക്കമെന്ന് യൂട്യൂബ് കേസിനെ ന്യായീകരിച്ചു.
ആഗോളതലത്തില്‍ 1,000ലധികം ചാനലുകളും 15,000ലധികം വീഡിയോകളും നീക്കം ചെയ്യുകയും യുക്രെയ്ന്‍ സംഘര്‍ഷത്തെ ചുറ്റിപ്പറ്റിയുള്ള റഷ്യയെ പിന്തുണയ്ക്കുന്ന ചാനലുകള്‍ക്കെതിരെ YouTube നടപടി എടുക്കുകയും ചെയ്തിരുന്നു.