
മോസ്‌കോ: ബഹിരാകാശത്ത് ആയുധങ്ങള്‍ സ്ഥാപിക്കാന്‍ അമേരിക്ക ശ്രമിക്കുന്നുവെന്ന് റഷ്യയുടെ ഗുരുതര ആരോപണം. യുഎന്നില്‍ റഷ്യയുടെ ആണവായുധ നിരോധന പ്രമേയം അമേരിക്ക വീറ്റോ ചെയ്തതിന് തൊട്ടുപിന്നാലെയാണ് ചൊവ്വാഴ്ച പുതിയ ആരോപണവുമായി റഷ്യ എത്തിയത്. റഷ്യയും അമേരിക്കയും സ്‌പേസിനെ ആയുധമാക്കിയുള്ള ആരോപണങ്ങള്‍ മുമ്പും ഉയര്‍ത്തിയിട്ടുണ്ട്.
‘ബഹിരാകാശ മേഖലയില്‍ തങ്ങളുടെ യഥാര്‍ത്ഥ മുന്‍ഗണനകള്‍ ലക്ഷ്യമിടുന്നത് ബഹിരാകാശത്ത് ആയുധങ്ങള്‍ സ്ഥാപിക്കുകയും സൈനിക ഏറ്റുമുട്ടലിനുള്ള ഒരു വേദിയാക്കുകയും ചെയ്യുകയാണ് എന്ന് അവര്‍ ഒരിക്കല്‍ കൂടി തെളിയിച്ചു,’എന്ന് റഷ്യയുടെ വിദേശകാര്യ വക്താവ് മരിയ സഖറോവ പറഞ്ഞു.
റഷ്യക്ക് ആണവായുധം ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിയുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ തങ്ങളുടെ സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി യുഎസ് മാധ്യമങ്ങള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിലെ ആശങ്കയും അമേരിക്ക ഫെബ്രുവരിയില്‍ പങ്കുവെച്ചിരുന്നു. പക്ഷേ റഷ്യ ആരോപണം നിഷേധിക്കുകയും അടിസ്ഥാന രഹിതമാണെന്നും അത്തരം സംവിധാനങ്ങള്‍ തങ്ങള്‍ക്ക് ഇല്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് റഷ്യ അമേരിക്കയ്ക്കെതിരെ സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. യുഎസ് ആണവായുധങ്ങളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും ബഹിരാകാശത്ത് ആയുധങ്ങള്‍ പൂര്‍ണമായി നിരോധിക്കുന്നതില്‍ യു.എസിന് ഗൗരവമായ താല്‍പ്പര്യമില്ലെന്നും റഷ്യ ആരോപിച്ചു.
‘ബഹിരാകാശത്ത് എല്ലായ്പ്പോഴും ആയുധങ്ങള്‍ സ്ഥാപിക്കുന്നത് തടയാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍’ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെട്ട റഷ്യയുടെ നിര്‍ദ്ദേശം ശ്രദ്ധ തിരിക്കുന്നതാണെന്ന് യുഎസ് പ്രതിനിധി റോബര്‍ട്ട് വുഡ് പറഞ്ഞു. എന്നാല്‍, ബഹിരാകാശത്തെ ഏതെങ്കിലും തരത്തിലുള്ള ആയുധങ്ങളില്‍ നിന്ന് മുക്തമാക്കുന്നതിനും അത് പിരിമുറുക്കത്തിന്റെയും സായുധ ഏറ്റുമുട്ടലിന്റെയും മറ്റൊരു മേഖലയായി മാറുന്നത് തടയുന്നതിനും റഷ്യ അചഞ്ചലമായ സംഭാവനകള്‍ നല്‍കുന്നത് തുടരുമെന്ന് സഖരോവ ചൊവ്വാഴ്ച പറഞ്ഞു.















