ലോക്സഭാ തിരഞ്ഞെടുപ്പ്: അഖിലേഷ് യാദവ് യുപിയില്‍ 16 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി സമാജ്‌വാദി പാര്‍ട്ടി. ഉത്തര്‍പ്രദേശിലെ 16 സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

അഖിലേഷ് യാദവിന്റെ ഭാര്യയും മെയിന്‍പുരിയിലെ എംപിയുമായ ഡിംപിള്‍ യാദവ് സിറ്റിങ് സീറ്റില്‍ തന്നെ മത്സരിക്കും. ലഖ്‌നൗവില്‍ എംഎല്‍എ രവിദാസ് മെഹ്‌റോത മത്സരിക്കും. അംബേദ്കര്‍ നഗറില്‍ ലാല്‍ജി വെര്‍മയും ഫിറോസാബാദ് മണ്ഡലത്തില്‍ അഖിലേഷിന്റെ ബന്ധു അക്ഷയ് യാദവും ജനവിധി തേടും.

എസ്പിയുടെ മറ്റൊരു പ്രമുഖ നേതാവ് ധര്‍മേന്ദ്ര യാദവ് ബൗദനില്‍ നിന്ന് മത്സരിക്കും. ഇന്ത്യ മുന്നണി സീറ്റ് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് എസ്പിയുടെ അപ്രതീക്ഷിത നീക്കം. കോണ്‍ഗ്രസിന് പതിനൊന്നു സീറ്റ് നല്‍കാമെന്നാണ് എസ്പി വ്യക്തമാക്കിയിരിക്കുന്നത്.

അഖിലേഷ് യാദവ് കനൗജില്‍ നിന്ന് മത്സരിക്കുമെന്ന് പാര്‍ട്ടി നേതൃയോഗത്തില്‍ തീരുമാനമായെങ്കിലും ആദ്യ പട്ടികയില്‍ അഖിലേഷിന്റെ പേര് ഉള്‍പ്പെട്ടിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവ് ഇവിടെ ബിജെപിയോട് പരാജയപ്പെട്ടിരുന്നു..

ഒരുവര്‍ഷത്തോളമായി അഖിലേഷ് യാദവ് സ്ഥിരമായി കനൗജ് സന്ദര്‍ശിക്കുകയും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നുമുണ്ട്. വെള്ളിയാഴ്ച അദ്ദേഹം എസ്പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. മുസ്ലിം, യാദവ ഭൂരിപക്ഷ മണ്ഡലമായ കനൗജില്‍ കഴിഞ്ഞ തവണത്തെപ്പോലെ എതിര്‍ വികാരമില്ലെന്നാണ് എസ്പി വിലയിരുത്തുന്നത്.

Samajwadi Party Announces 16 candidates from UP for Lok Sabha Elections

More Stories from this section

family-dental
witywide