![](https://www.nrireporter.com/wp-content/uploads/2024/12/inda-bloc.jpg)
ന്യൂഡല്‍ഹി: ഇന്ന് രാവിലെ പാര്‍ലമെന്റ് സമുച്ചയത്തില്‍ നടന്ന പ്രതിപക്ഷ പ്രതിഷേധത്തില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും വിട്ടുനിന്നു. പ്രതിപക്ഷ ഐക്യത്തിന് വിള്ളല്‍ വീണെന്ന തരത്തിലാണ് ചര്‍ച്ചകള്‍ നീങ്ങുന്നത്.
അദാനി വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അംഗങ്ങളും ചില സഖ്യകക്ഷികളും സംയുക്ത പ്രതിഷേധം നടത്തിയിരുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും പ്രതിഷേധത്തില്‍ പങ്കെടുത്തില്ല എന്നത് ഇന്ത്യാ സഖ്യത്തിന്റെ വിള്ളല്‍ തുറന്നുകാട്ടി. ദേശീയ തെരഞ്ഞെടുപ്പിനായി പാര്‍ട്ടികള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച് മാസങ്ങള്‍ക്കിപ്പുറമാണ് അഭിപ്രായ വ്യത്യാസം വലിയ തരത്തില്‍ ചര്‍ച്ചയാകുന്നത്.
കോണ്‍ഗ്രസിന് ഒരു അജണ്ട മാത്രമാണുള്ളതെന്നും അത് തങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമാണെന്നും ചൂണ്ടിക്കാണിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം നടന്ന ഇന്ത്യന്‍ ബ്ലോക്കിന്റെ സുപ്രധാന യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
പണപ്പെരുപ്പം, തൊഴിലില്ലായ്മ, ഫണ്ട് ക്ഷാമം, മണിപ്പൂര്‍ അശാന്തി തുടങ്ങി ആറ് പ്രധാന വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ അദാനി വിഷയത്തില്‍ മാത്രം സമ്മര്‍ദ്ദം ചെലുത്താനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. നേതാക്കള്‍ വിട്ടുനിന്നു.
ബിജെപിക്കും കോണ്‍ഗ്രസിനും ശേഷം ലോക്സഭയിലെ മൂന്നാമത്തെ വലിയ കക്ഷിയായ സമാജ്വാദി പാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം സംയുക്ത പ്രതിഷേധം ഒഴിവാക്കിയതോടെയാണ് പ്രതിപക്ഷം രണ്ടുതട്ടിലെന്ന പ്രചാരണത്തിന് ചൂടേറുന്നത്.