
ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിൽ കോണ്‍ഗ്രസ് – സമാജ് വാദി സീറ്റ് വിഭജനത്തിൽ ധാരണയായതോടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് സമാജ് വാദി പാർട്ടി. അഖിലേഷ് യാദവും അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നുള്ളവരും മത്സരിക്കുന്ന സീറ്റുകളില്‍ പാര്‍ട്ടി ധാരണയിലെത്തി.
കനൗജ് തിരികെ പിടിക്കാന്‍ അഖിലേഷ്
നഷ്ടപ്പെട്ടമായ പാര്‍ട്ടി കോട്ടയായ കനൗജ് തിരികെ പിടിക്കാന്‍ അഖിലേഷ് യാദവ് തന്നെ രംഗത്തിറങ്ങും എന്നാണ് സൂചന. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവ് ഇവിടെ ബിജെപിയോട് പരാജയപ്പെട്ടിരുന്നു. കനൗജിലാണ് അഖിലേഷ് യാദവ് പയറ്റി തെളിഞ്ഞത്. 2012-ല്‍ മുഖ്യമന്ത്രിയാകാനായി അഖിലേഷ് യാദവ് എംപി സ്ഥാനം രാജിവച്ചപ്പോഴാണ് ഡിംപിള്‍ ഇവിടെ ആദ്യമായി മത്സരിച്ച് ജയിച്ചത്. 2014-ല്‍ 19,900 വോട്ടിന് ഡിംപിള്‍ ഇവിടെനിന്ന് വിജയിച്ചു. എന്നാല്‍ 2019-ല്‍ ഡിംപിളിന് ഇവിടെ കാലിടറി. 12,353 വോട്ടിനായിരുന്നു പരാജയം. ഇത്തവണ ഡിംപിളിന് പകരം അഖിലേഷ് തന്നെ കനൗജില്‍ ഇറങ്ങണം എന്നാണ് പാര്‍ട്ടിയില്‍ ഉയര്‍ന്നിരിക്കുന്ന ഭൂരിപക്ഷ അഭിപ്രായം.ഒരുവര്‍ഷത്തോളമായി അഖിലേഷ് യാദവ് സ്ഥിരമായി കനൗജ് സന്ദര്‍ശിക്കുകയും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നുമുണ്ട്. വെള്ളിയാഴ്ച അദ്ദേഹം എസ്പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.
മെയിന്‍പുരിയില്‍ ഡിംപിള്‍
മുലായം സിങ് യാദവിന്റെ മരണത്തെ തുടര്‍ന്ന് 2022-ല്‍ മെയിന്‍പുരിയില്‍ നിന്ന് മത്സരിച്ച ഡിംപിള്‍ യാദവ് ഇത്തവണയും അവിടത്തെന്നെ മത്സരിച്ചേക്കും. ഡിംപിള്‍ യാദവും മെയിന്‍പുരി മണ്ഡലത്തില്‍ സ്ഥിരമായി സന്ദര്‍ശനം നടത്തുന്നുണ്ട്.
സമാജ്‌വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും അഖിലേഷ് യാവിന്റെ അമ്മാവനുമായ ശിവ്പാല്‍ സിങ് യാദവ് ഇത്തവണ അസംഗഡില്‍ നിന്ന് മത്സരിച്ചേക്കും. 2019-ലെ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവ് ഇവിടെനിന്നാണ് വിജയിച്ചത്. എന്നാല്‍, 2022-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എസ്പിയുടെ ധര്‍മേന്ദ്ര യാദവിനെ വീഴ്ത്തി ബിജെപിയുടെ ദിനേഷ് ലാല്‍ യാദവ് വിജയിച്ചിരുന്നു. അഖിലേഷ് യാദവോ ശിവ്പാല്‍ യാദവോ ഈ മണ്ഡലത്തില്‍ മത്സരിക്കണം എന്നാണ് പാര്‍ട്ടിയില്‍ ആവശ്യമുയര്‍ന്നത്.
അഖിലേഷിന്റെ ബന്ധു ധര്‍മേന്ദ്ര യാദവ് ഇത്തവണ ബദായുമില്‍ നിന്ന് മത്സരിക്കും. അഖിലേഷിന്റെ മറ്റൊരു ബന്ധു അക്ഷയ് യാദവ് ഫിറോസാബാദ് മണ്ഡലത്തില്‍ മത്സരിച്ചേക്കും. എസ്പി സെക്രട്ടറി ജനറല്‍ റാം ഗോപാല്‍ യാദവിന്റെ മകനാണ് അക്ഷയ്. 2014-ല്‍ ഇവിടെനിന്ന് ജയിച്ച അക്ഷയ്, 2019-ല്‍ പരാജയപ്പെട്ടിരുന്നു.
‘പിഡിഎ’ ഫോര്‍മുല
അഖിലേഷ് യാദവിന്റെ ‘പിഡിഎ’ ഫോര്‍മുലയിലൂന്നിയാണ് ഇത്തവണയും എസ്പിയുടെ തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍. ദളിത്, പിന്നാക്കവിഭാഗങ്ങള്‍,ന്യൂനക്ഷങ്ങള്‍ എന്നിവയെ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള പ്രചാരണമാണ് പിഡിഎ.. കോണ്‍ഗ്രസിന് 11 സീറ്റ് നല്‍കാമെന്നാണ് എസ്പിയുടെ നിലപാട്. കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന് എതിര്‍പ്പുണ്ടെങ്കിലും ബിഹാറില്‍ നിതീഷ് കുമാര്‍ സഖ്യം വിട്ട സാഹചര്യത്തില്‍, എസ്പിയെ പിണക്കുന്ന നിലപാട് സ്വീകരിക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനമെടുത്തേക്കും.
Samajwadi Party began Seat Allocation in UP