യുഎസില്‍ ഒരു മില്യണ്‍ സ്റ്റൗവുകള്‍ തിരിച്ചുവിളിച്ച് സാംസങ്‌

വാഷിംഗ്ടണ്‍: ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്‌സ്, വീട്ടുപകരണ നിര്‍മ്മാതാക്കളായ സാംസങ് അമേരിക്കയില്‍ പത്ത് ലക്ഷത്തിലധികം ഇലക്ട്രിക് സ്റ്റൗവുകള്‍ തിരിച്ചുവിളിക്കുന്നതായി യുഎസ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷന്‍ വെള്ളിയാഴ്ച അറിയിച്ചു.

അബദ്ധത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും വളര്‍ത്തുമൃഗങ്ങള്‍ മരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണിത്. ആളുകളോ വളര്‍ത്തുമൃഗങ്ങളോ സ്പര്‍ശിച്ചാല്‍ പെട്ടെന്ന് നോബുകള്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പ്രഖ്യാപനം നടത്തിയതെന്ന് സാംസങ് പറഞ്ഞു.

കമ്പനി 30 മോഡലുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഈ മോഡലുകളുടെ ഉടമകളോട് നോബ് ലോക്കുകളോ കവറോ സൗജന്യമായി മാറ്റിസ്ഥാപിക്കാന്‍ സാംസങ്ങുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2013 നും 2024 നും ഇടയില്‍ വിറ്റുപോയ 1.1 ദശലക്ഷത്തിലധികം സ്ലൈഡ്-ഇന്‍ ഇലക്ട്രിക് ശ്രേണികളില്‍പ്പെട്ടവയാണ് തിരിച്ചുവിളിച്ചിരിക്കുന്നത്‌.

സുരക്ഷാ കമ്മീഷന്‍ പറയുന്നതനുസരിച്ച്, സാംസങ് സ്റ്റൗവുകളില്‍ ഇതുവരെ ‘ഏകദേശം 250 തീപിടുത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ 40 ഓളം അപകടങ്ങള്‍ ആളുകളില്‍ പരിക്കുകള്‍ക്ക് കാരണമായി. എട്ട് അപകടങ്ങളില്‍ ആളുകള്‍ക്ക് ചികിത്സ ആവശ്യമായി വന്നു. ഏഴ് തീപിടുത്തങ്ങളില്‍ വളര്‍ത്തുമൃഗങ്ങളുടെ മരണവും 18 അപകടങ്ങളില്‍ സ്വത്തുവകകള്‍ക്ക് നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

തിരിച്ചുവിളിച്ച മോഡലുകള്‍ ഉപയോഗിക്കുന്നത് തുടരുന്നവരോട് ജാഗ്രത പാലിക്കാനും കുട്ടികളെയും വളര്‍ത്തുമൃഗങ്ങളെയും ഫ്രണ്ട് റേഞ്ച് നോബുകളില്‍ നിന്ന് അകറ്റിനിര്‍ത്താനും ഉറങ്ങാന്‍ പോകുന്നതിനുമുമ്പ് അവരെ പരിശോധിക്കാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

More Stories from this section

family-dental
witywide