‘മൗനം ആര്‍ക്കുവേണ്ടി? മലയാള സിനിമ പൊതുസമൂഹത്തിന് മുന്നില്‍ അപഹസിക്കപ്പെടുന്നു’; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി സാന്ദ്ര തോമസ്

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആർക്ക് വേണ്ടിയെന്ന് നിർമാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസ്. വിഷയത്തില്‍ സിനിമ സംഘടനകൾ നിലപാട് വ്യക്തമാക്കണമെന്നും കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്തെല്ലാം പരിഹാര നടപടികൾ ഈ സംഘടനകൾ എടുക്കുന്നുവെന്ന് പൊതുവേദിയില്‍ വന്ന് വ്യക്തമാക്കണമെന്നും സാന്ദ്ര സോഷ്യൽ മീഡിയയിൽ കുറിച്ചു.

‘‘സിനിമ സംഘടനകൾ നിലപാട് വ്യക്തമാക്കണം. കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആർക്ക് വേണ്ടി? അതിനർഥം എല്ലാ സംഘടനകളിലും കമ്മിറ്റി റിപ്പോർട്ട് പറയുന്ന 15 അംഗ പവർഗ്രൂപ്പിന്റെ പ്രാധിനിത്യം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒരു പവർ ഗ്രൂപ്പിനെ കുറിച്ച് വർഷങ്ങൾക്കു മുൻപ്‌ കോംപ്റ്റിറ്റിവ് കമ്മിഷൻ പ്രതിപാദിച്ചിട്ടുള്ളത് ഇവിടെ പ്രസക്തമാണ്. ഒരു റിപ്പോർട്ട് പഠിക്കാൻ ഒരാഴ്ച എടുക്കേണ്ട കാര്യമില്ലെന്ന് ഞാനും നിങ്ങളും അടക്കം എല്ലാവർക്കും അറിയാം. ലോകസിനിമയ്ക്കു ഒരുപാട് പ്രതിഭകളെ സമ്മാനിച്ച മലയാള സിനിമ പൊതു സമൂഹത്തിനു മുന്നിൽ അപഹാസ്യമായിക്കൊണ്ടിരിക്കുകയാണ്, ഈ അവസ്ഥ വന്നു ചേർന്നതിൽ എല്ലാ സിനിമ സംഘടനകൾക്കും പങ്കുണ്ട്, ഇനിയും നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ പൊതുസമൂഹം നമ്മെ കല്ലെറിയും,” സാന്ദ്രാ തോമസ് പറഞ്ഞു.

More Stories from this section

family-dental
witywide