ന്യൂഡല്‍ഹി : ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എഎപി എംപി സഞ്ജയ് സിംഗിന് ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി.
കോടതി തീരുമാനത്തോട് പ്രതികരിച്ച മന്ത്രി അതിഷി എക്സിലെ ഒരു പോസ്റ്റില്‍ സിംഗിന്റെ ജാമ്യവാര്‍ത്ത പങ്കിടുകയും ഹിന്ദിയില്‍ ”സത്യമേവ ജയതേ” എന്ന് കുറിക്കുകയും ചെയ്തു.
ഒക്ടോബര്‍ 4 ന് നോര്‍ത്ത് അവന്യൂവിലെ സിംഗിന്റെ വസതിയില്‍ 10 മണിക്കൂര്‍ നീണ്ട പരിശോധനയ്ക്കൊടുവിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ജയിലിലായി ആറുമാസമായപ്പോഴാണ് സഞ്ജയ് സിംഗിന് ജാമ്യം ലഭിച്ചത്. ചില മദ്യ നിര്‍മ്മാതാക്കള്‍ക്കും മൊത്തക്കച്ചവടക്കാര്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും കോഴവാങ്ങി പ്രയോജനം ചെയ്യുന്ന നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും സിംഗ് പ്രധാന പങ്ക് വഹിച്ചുവെന്നാണ് ഇഡി ആരോപണം.
അതേസമയം, പാര്‍ട്ടിയില്‍ ചേരാന്‍ ബിജെപി തന്നെ സമീപിച്ചതായി അതിഷി ചൊവ്വാഴ്ച ആരോപിച്ചിരുന്നു. പാര്‍ട്ടിയില്‍ ചേര്‍ന്നില്ലെങ്കില്‍ അടുത്ത ഒരു മാസത്തിനകം ഇഡി അറസ്റ്റ് ചെയ്യുമെന്നും ഈ ഓഫറുമായി അവര്‍ എന്റെ അടുത്ത അനുയായികളില്‍ ഒരാളെ സമീപിച്ചുവെന്നും അതിഷി പറഞ്ഞു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും എഎപിയെ അട്ടിമറിക്കാനും നശിപ്പിക്കാനും ആഗ്രഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ ഭയപ്പെടുന്നില്ലെന്നും ഞങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും ഒരു പത്രസമ്മേളനത്തില്‍ സംസാരിക്കവെ അതിഷി പറഞ്ഞു.
എന്നാല്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട സാഹചര്യത്തില്‍, അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന നിലപാടില്‍ തന്നെയാണ് ആം ആദ്മി പാര്‍ട്ടി. മദ്യനയ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് കോടതി കെജ്രിവാളിന് ജാമ്യം നല്‍കാത്തതിനെത്തുടര്‍ന്ന്, തിഹാര്‍ ജയിലിലാണ് കെജ്രിവാള്‍ ഇപ്പോഴുള്ളത്.