
ആലപ്പുഴ: കാറില്‍ സ്വിമ്മിംഗ് പൂളൊരുക്കി അപകടകരമായ രീതിയില്‍ പൊതുനിരത്തില്‍ വാഹനം കൈകാര്യം ചെയ്ത കേസില്‍ സഞ്ജു ടെക്കി എന്ന വ്‌ളോഗറുടെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കിയിരുന്നു. കടുത്ത നിയമ ലംഘനം നടത്തുകയും മറ്റുള്ളവര്‍ക്ക് നിയമ ലംഘനം നടത്താനുള്ള പ്രേരണ ഒരുക്കുകയും ചെയ്തതായാണ് മോട്ടോര്‍ വാഹന ഡിപ്പാര്‍ട്ട്‌മെന്റി (എംവിഡി) ന്റെ കണ്ടെത്തല്‍. ഇതാണ് കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ വകുപ്പിനെ പ്രേരിപ്പിച്ചത്.
സഞ്ജുവിന്റെ ലൈസന്‍സ് റദ്ദാക്കിയ ഉത്തരവ് മോട്ടോര്‍വാഹന വകുപ്പ് പുറത്തിറക്കിയിരുന്നു. കലവൂര്‍ സ്വദേശി ടി.എസ്. സജു എന്ന വ്ളോഗര്‍ സഞ്ജു ടെക്കി അമ്പലപ്പുഴയിലെ എന്‍ഫോഴ്സ്‌മെന്റ് ആര്‍.ടി.ഒ. ഓഫീസില്‍ നേരിട്ടെത്തി ഉത്തരവു കൈപ്പറ്റി.
ഇതില്‍ വ്ളോഗര്‍ ഗുരുതരമായ നിയമലംഘനമാണു നടത്തിയതെന്നും സ്ഥിരം കുറ്റക്കാരനാണെന്നും സമൂഹത്തിനു മാതൃകാപരമായ സന്ദേശമെന്നനിലയിലാണ് കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നിയമലംഘനം നടത്തുന്നതിനൊപ്പം നിയലംഘനം നടത്താന്‍ മറ്റുള്ളവരെ സഞ്ജു പ്രേരിപ്പിക്കുന്നുമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മുമ്പും ഇത്തരത്തിലുള്ള നിയമലംഘനങ്ങളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ആളെക്കൊണ്ടു വാഹനമോടിപ്പിച്ചതിനു കോടതിനടപടികള്‍ നേരിടേണ്ടിവരികയും 35,000 രൂപയും പിഴലഭിച്ചിട്ടുമുണ്ട് സഞ്ജുവിന്. മാത്രമല്ല, തുടര്‍ച്ചയായി യുട്യൂബ് ചാനലിലുടെ നിയമലംഘനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതായി എം.വി.ഡി. കണ്ടെത്തി. ഇതാണ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്. ഇത്തരം റോഡുനിയമലംഘനങ്ങളടങ്ങിയ വീഡിയോകള്‍ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് യുട്യൂബിനും എം.വി.ഡി. കത്തയച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് സഞ്ജു ടെക്കിയുടെ ഡ്രൈവിങ്ങ് ലൈസന്‍സ് ആജീവനാന്തം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് മോട്ടോര്‍ വാഹവവകുപ്പ് ഇറക്കിയത്. ആലപ്പുഴ എന്‍ഫോഴ്‌സെന്റ് ആര്‍.ടി.ഒ.ആണ് യുട്യൂബര്‍ സഞ്ജു ടെക്കിക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചത്. ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിര്‍ബന്ധിത സന്നദ്ധസേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് സജുവും സുഹൃത്തുക്കളും.