ട്രംപിനെതിരായ വധശ്രമം : ജനപ്രതിനിധിസഭയ്ക്ക് മുമ്പാകെ മൊഴിനല്‍കാന്‍ സീക്രട്ട് സര്‍വീസ് ഡയറക്ടര്‍ കിംബര്‍ലി ചീറ്റില്‍

വാഷിംഗ്ടണ്‍: പെന്‍സില്‍വാനിയയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വെടിയേറ്റ സംഭവത്തില്‍ അമേരിക്കന്‍ സീക്രട്ട് സര്‍വീസ് ഡയറക്ടര്‍ 22ന് ജനപ്രതിനിധിസഭയ്ക്ക് മുമ്പാകെ ഹാജരായി മൊഴിനല്‍കും. ജനപ്രതിനിധികളുടെ സുരക്ഷ സംബന്ധിച്ച സമിതിക്ക് മൊഴി നല്‍കാന്‍ ഡയറക്ടര്‍ കിംബര്‍ലി ചീറ്റിലിനെ വിളിപ്പിച്ചിരുന്നു. മൊഴി നല്‍കാന്‍ കിംബര്‍ലി ചീറ്റില്‍ സമ്മതിച്ചതായി പാനല്‍ ബുധനാഴ്ച അറിയിച്ചു.

ട്രംപിന് വെടിയേറ്റതുമുതല്‍ കിംബര്‍ലി ചീറ്റില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയയായിരുന്നു. ട്രംപിന്റെ തെരഞ്ഞെടുപ്പ് പരിപാടിക്ക് സുരക്ഷ ഒരുക്കുന്നതില്‍ ഉത്തരവാദിത്വമുണ്ടായിരുന്നവര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നാണ് ആക്ഷേപം. ട്രംപ് നിന്നിരുന്ന പൊതുയോഗ സ്ഥലത്തിന് 130 മീറ്റര്‍ മാത്രം അകലെയുള്ള കെട്ടിടത്തിലാണ് തോക്കുധാരിയായ തോമസ് ക്രൂക്സ് നിലയുറപ്പിച്ചത്. പൊതുയോഗസ്ഥലത്തിന് ഇത്രയും അടുത്തുള്ള ഒരു കെട്ടിടത്തിലേക്ക് തോക്കുമായി ഒരാള്‍ക്ക് എത്തിപ്പെടാനായത് ഗുരുതരമായ വീഴ്ചയായി വിലയിരുത്തുന്നു. ഇത് തടയാനാകാത്തത് സീക്രട്ട് സര്‍വീസിന്റെ പരാജയമാണെന്നും ഡയറക്ടര്‍ രാജിവെക്കണം എന്നതും ഉള്‍പ്പെടെ കിംബര്‍ലിക്കുമേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്.

വെടിയേറ്റസമയം ട്രംപിനെ വെടിയുണ്ടകളില്‍നിന്ന് സുരക്ഷിതനാക്കാനായുള്ള ഷീല്‍ഡുകളും സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈവശമുണ്ടായിരുന്നില്ലെന്നും വേദിയില്‍നിന്ന് മനുഷ്യകവചം തീര്‍ത്താണ് ട്രംപിനെ വാഹനത്തിലേക്ക് മാറ്റിയതെന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. മാത്രമല്ല, പ്രതിയെ ജീവനോടെ പിടികൂടാതെ തത്സമയം വെടിവച്ചുകൊന്നതും സംശയത്തിന്റെ നിഴലിലാണ്.

എന്നാല്‍, എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് സീക്രട്ട് സര്‍വീസും സ്വതന്ത്രാന്വേഷണം നടത്തുമെന്ന് ഡയറക്ടര്‍ കിംബര്‍ലി ചീറ്റില്‍ പ്രതികരിച്ചത്.

More Stories from this section

family-dental
witywide