
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമ വിജ്ഞാപനത്തിന് പിന്നാലെ രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ. ഷഹീൻബാഗ് ഉൾപ്പെടുന്ന വടക്കുകിഴക്കൻ ഡൽഹിയിൽ പൊലീസ് ഫ്ളാഗ് മാർച്ച് നടത്തി.
സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം ഡൽഹി പോലീസ് അറിയിച്ചു. “സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിലെ പൗരന്മാരുടെ സുരക്ഷയ്ക്കായി അർദ്ധസൈനിക സേനയ്‌ക്കൊപ്പം വടക്ക്-കിഴക്കൻ ജില്ലാ പോലീസ് ഉദ്യോഗസ്ഥരും തീവ്രമായ പട്രോളിംഗും പരിശോധനയും നടത്തുന്നുണ്ട്. സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.”
സിഎഎ വിജ്ഞാപനത്തിനു പിന്നാലെ നോർത്ത് ഈസ്റ്റ് ഡിസിപി ജോയ് ടിർക്കി പ്രതികരണവുമായി രംഗത്തെത്തി. “ഞങ്ങൾ ജില്ലയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. 2020 ലെ ഞങ്ങളുടെ അനുഭവം അസുഖകരമായിരുന്നു. അത് കനത്ത നഷ്ടങ്ങൾക്ക് കാരണമായിരുന്നു.”
2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്സഭ പാസ്സാക്കിയത്. 2020 ജനുവരി 10-ന് നിലവില്‍വന്നെങ്കിലും ചട്ടങ്ങള്‍ രൂപവത്കരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല. സിഎഎ നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷ സംഘടനകളും വിവിധ മുസ്ലിം സംഘടനകളും രാജ്യവ്യാപക പ്രതിഷേധം നടത്തിയിരുന്നു. മുസ്ലിം ലീഗ് ഉള്‍പ്പടെ നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ബിജെപിയുടെ 2019-ലെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു പൗരത്വ നിയമ ഭേദഗതി നടപ്പാക്കും എന്നത്.