ഉഷ്ണ തരംഗം: ചികിത്സയിലായിരുന്ന ഷാരൂഖ് ഖാന്‍ ആശുപത്രി വിട്ടു

അഹമ്മദാബാദ്: ഉഷ്ണ തരംഗത്തെ തുടര്‍ന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ ആശുപത്രി വിട്ടു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്. ആശുപത്രിയില്‍ നിന്ന് അദ്ദേഹം വിമാനത്താവളത്തിലേക്ക് പോയെന്ന് അഹമ്മദാബാദ് (റൂറല്‍) പോലീസ് സൂപ്രണ്ട് ഓം പ്രകാശ് ജാട്ട് പറഞ്ഞു.

നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ ഐപിഎല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ചൊവ്വാഴ്ച അഹമ്മദാബാദിലെത്തിയതായിരുന്നു താരം. ഗുജറാത്തിന്റെ പല ഭാഗങ്ങളും കഴിഞ്ഞ രണ്ട് ദിവസങ്ങളായി കടുത്ത ഉഷ്ണതരംഗത്തിലാണ്. സൂര്യാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് താരത്തെ കെ.ഡി മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഷാരൂഖ് ഖാന്റെ ആരോഗ്യനില സംബന്ധിച്ച് ആശുപത്രി അധികൃതര്‍ ഇതുവരെ പ്രസ്താവനയൊന്നും നടത്തിയിട്ടില്ല.

ഉഷ്ണ തരംഗത്തിന്റെ പിടിയിലായിരുന്നു അഹമ്മദാബാദ് നഗരം. കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ യഥാക്രമം 45.2, 45.9 ഡിഗ്രി സെല്‍ഷ്യസ് താപനിലയായിരുന്നു ഇവിടെ രേഖപ്പെടുത്തിയത്.

അതേസമയം, ചൊവ്വാഴ്ച നടന്ന ക്വാളിഫയര്‍ 1ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെ കെകെആര്‍ തങ്ങളുടെ നാലാമത്തെ ഐപിഎല്‍ ഫൈനലില്‍ പ്രവേശിച്ചു. ടീമിന്റെ വിജയം ആഘോഷിക്കാന്‍ മക്കളായ സുഹാന ഖാനും അബ്രാം ഖാനും ഷാരൂഖിനൊപ്പം ഉണ്ടായിരുന്നു.

More Stories from this section

family-dental
witywide