
ന്യൂഡല്‍ഹി: ‘ഞാന്‍ രാജരാജേശ്വരി ദേവിയുടെ വലിയ വിശ്വാസിയും ഭക്തനുമാണ്, രാജരാജേശ്വരി ക്ഷേത്രത്തില്‍ ‘ശത്രുസംഹാരപൂജ’ നടത്താറില്ലെന്ന് എനിക്കറിയാം. എന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു.’ കര്‍ണാടക സര്‍ക്കാരിനെ താഴെയിറക്കാന്‍ കേരളത്തില്‍ മൃഗബലി നടക്കുന്നുവെന്ന കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാറിന്റെ ആരോപണം വലിയ രാഷ്ട്രീയ കോളിക്കം സൃഷ്ടിച്ച് നുരഞ്ഞ് പതയുമ്പോള്‍ പുതിയ വിശദീകരണവുമായി ശിവ കുമാര്‍ത്തന്നെ രംഗത്ത്.
മൃഗബലി നടക്കുന്നത് രാജരാജേശ്വരി ക്ഷേത്രത്തിലല്ലെന്നും അവിടെ നിന്നും ഏകദേശം 15 കിലോമീറ്റര്‍ അകലെയാണെന്നുമാണ് അദ്ദേഹം നല്‍കുന്ന വിശദീകരണം. സ്വകാര്യ സ്ഥലത്ത് ഈ പൂജ നടത്തുന്നതിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞതെന്നും തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
I am a big believer and devotee of Devi Rajarajeshwari, and I know that 'shathrusamharapooja' is NOT performed in Rajarajeshwari temple. My words are being misconstrued, and so I would like to clarify that I was talking about this pooja being performed some 15kms away from… pic.twitter.com/kTNJyUYSu7
— DK Shivakumar (@DKShivakumar) May 31, 2024
ഈ ക്ഷേത്രത്തെ പരാമര്‍ശിച്ചതിനു കാരണം ഈ പൂജ നടക്കുന്ന സ്ഥലം എവിടെയാണെന്ന് കൃത്യമായി മനസിലാക്കിത്തരാന്‍ വേണ്ടിയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. കുറച്ചുകാലം മുമ്പ് രാജരാജേശ്വരി ക്ഷേത്രത്തിന്റെ അനുഗ്രഹം ലഭിക്കാന്‍ തനിക്കു ഭാഗ്യമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ പറഞ്ഞതില്‍ നിന്നും കാര്യങ്ങള്‍ അടര്‍ത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിക്കരുതെന്നും ശിവകുമാര്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു.
കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരെ കേരളത്തിലെ തളിപ്പറമ്പിലുള്ള രാജരാജേശ്വരി ക്ഷേത്രത്തില്‍ യാഗങ്ങളും മൃഗബലികളും നടക്കുന്നുണ്ടെന്നായിരുന്നു ഡി കെ ശിവകുമാര്‍ ആരോപിച്ചത്. ശിവകുമാറിന്റെ പരാമര്‍ശം എത്തിയതിനു പിന്നാലെ കേരളത്തില്‍ നിന്നും വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നത്. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ കര്‍ണ്ണാടക ഇന്റെലിജന്‍സ് ഉദ്യോഗസ്ഥര്‍ കണ്ണൂരിലെത്തിയിരുന്നു.