
ന്യൂഡല്‍ഹി: രാജിവെച്ച് രാജ്യം വിട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസ അമേരിക്ക റദ്ദാക്കിയതായി റിപ്പോര്‍ട്ട്. യുഎസ് ഉള്‍പ്പെടെയുള്ള വിവിധ പാശ്ചാത്യ രാജ്യങ്ങള്‍ ഹസീനയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് വിസ റദ്ദാക്കല്‍.
ബംഗ്ലാദേശിലെ അക്രമാസക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് രാജിവെച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്ത ഹസീന ഇപ്പോള്‍ ഗാസിയാബാദിലെ ഹിന്‍ഡന്‍ എയര്‍ബേസിലാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയം തേടാനുള്ള സാധ്യതകള്‍ അവര്‍ അന്വേഷിക്കുമ്പോള്‍ യുകെ അവര്‍ക്ക് അഭയം നല്‍കാന്‍ തയ്യാറല്ലെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. യുകെ പൗരത്വമുള്ള സഹോദരി രഹന ഉടന്‍ യുകെയിലേക്ക് പോയേക്കുമെന്നും വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.