‘എന്റെ ക്രിക്കറ്റ് യാത്രയുടെ ഈ അധ്യായം അവസാനിപ്പിക്കുകയാണ്, എണ്ണമറ്റ ഓര്‍മ്മകളും നന്ദിയും ഞാന്‍ എന്നോടൊപ്പം കൊണ്ടുപോകുന്നു’-രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ശിഖര്‍ ധവാന്‍

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശിഖര്‍ ധവാന്‍. എക്‌സില്‍ വൈകാരികമായ വീഡിയോയിലാണ് താന്‍ വിരമിക്കുന്നതായി താരം അറിയിച്ചത്. തന്റെ കരിയറില്‍ ഉടനീളം തനിക്ക് ലഭിച്ച സ്‌നേഹത്തിനും പിന്തുണയ്ക്കും തന്റെ ആരാധകര്‍ക്കും അസോസിയേഷനുകള്‍ക്കും നന്ദി രേഖപ്പെടുത്തിയാണ് വിടപറയല്‍.

എന്റെ ക്രിക്കറ്റ് യാത്രയുടെ ഈ അധ്യായം അവസാനിപ്പിക്കുകയാണ്, എണ്ണമറ്റ ഓര്‍മ്മകളും നന്ദിയും ഞാന്‍ എന്നോടൊപ്പം കൊണ്ടുപോകുന്നു. സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി! ജയ് ഹിന്ദ്!”, ശിഖര്‍ ധവാന്‍ എക്‌സില്‍ കുറിച്ചു.

ഇടംകയ്യന്‍ ബാറ്റര്‍ ആയ ശിഖര്‍ ധവാന്‍ ടെസ്റ്റില്‍ 34 മത്സരങ്ങിലും ഏകദിനത്തില്‍ 167 മത്സരങ്ങളിലും ടി20യില്‍ 68 മത്സരങ്ങളിലും രാജ്യത്തിനായി കളിച്ചിട്ടുണ്ട്. 2022ല്‍ ബംഗ്ലാദേശിനെതിരെ നടന്ന ഏകദിന പരമ്പരയിലാണ് 37 കാരനായ താരം അവസാനമായി രാജ്യത്തിനായി കളിച്ചത്. 2010ല്‍ ഓസ്ട്രേലിയക്കെതിരായ ഏകദിന മത്സരത്തിലാണ് താരം രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്.

ടെസ്റ്റില്‍ 2,315 റണ്‍സും, ഏകദിനത്തില്‍ 6793 റണ്‍സും, ടി20 യില്‍ 1759 റണ്‍സും എടുത്തിട്ടുണ്ട്.

”ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ നല്ല ഓര്‍മ്മകള്‍ മാത്രമാണുള്ളത്. ഇന്ത്യക്ക് വേണ്ടി കളിക്കുക എന്നത് എല്ലായ്പ്പോഴും എന്റെ സ്വപ്‌നമായിരുന്നു, എനിക്ക് അതില്‍ ജീവിക്കാനായി. എന്റെ യാത്രയില്‍ സംഭാവനകള്‍ നല്‍കിയ കുറേ പേരുണ്ട്. അവരോടെല്ലാം നന്ദിയുണ്ട്. ആദ്യം എന്റെ കുടുംബമാണ്. എന്റെ കുട്ടിക്കാലത്തെ പരിശീലകന്‍ പരേതനായ തരക് സിന്‍ഹ, മദന്‍ ശര്‍മ. അവരുടെ കീഴിലാണ് ഞാന്‍ കളിയുടെ ബാലപാഠങ്ങള്‍ പഠിക്കുന്നത്. എല്ലാവരോടും ഒരുപാട് നന്ദിയുണ്ടെന്നും താരം വീഡിയോയില്‍ പറഞ്ഞു.

‘അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്. എന്റെ ക്രിക്കറ്റ് യാത്രയോട് വിടപറയുമ്പോള്‍, എന്റെ മനസ്സില്‍ സമാധാനമുണ്ട്. ഞാന്‍ എന്റെ രാജ്യത്തിന് വേണ്ടി ഒരുപാട് കളിച്ചുവെന്നും’ അദ്ദേഹം സന്തോഷം പങ്കുവെച്ചു.