
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹൽദ്‌വാനിയിൽ കൈയേറ്റത്തിലൂടെ നിർമിച്ചതെന്ന് അധികാരികൾ പ്രഖ്യാപിച്ച മദ്രസ പൊളിക്കാൻ പോയ ജനക്കൂട്ടവുമായുണ്ടായ ഏറ്റുമുട്ടലിൽ 50ലധികം പോലീസുകാർക്ക് പരുക്കേറ്റു. വ്യാഴാഴ്ച നടന്ന ഭൂമി കയ്യേറ്റ ശ്രമത്തെ തുടര്‍ന്ന് ഹല്‍ദ്വാനിയിലെ ബന്‍ഭൂല്‍പുരയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടു. നൈനിറ്റാളിലെ ജില്ലാ മജിസ്‌ട്രേറ്റ് ബന്‍ഭൂല്‍പുരയില്‍ കർഫ്യൂ ഏര്‍പ്പെടുത്തുകയും പ്രക്ഷോഭകരെ നേരിടാന്‍ കണ്ടാലുടന്‍ വെടിവെക്കാന്‍ നിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തു.
പോലീസിന് പുറമെ, അഡ്മിനിസ്‌ട്രേഷനും സിവിൽ ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു സംഘം പള്ളിയോട് ചേർന്ന് മദ്രസയിലേക്ക് പോയിരുന്നു. ജെസിബി ഉപയോഗിച്ച് മദ്രസ പൊളിക്കാൻ തുടങ്ങിയപ്പോൾ ജനക്കൂട്ടം ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞു. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതോടെ അക്രമം പൊട്ടിപ്പുറപ്പെട്ടു. പോലീസ് സ്റ്റേഷന് പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് തീയിട്ടു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ചീഫ് സെക്രട്ടറി രാധാ രതുരി, പൊലീസ് ഡയറക്ടര്‍ ജനറല്‍ അഭിനവ് കുമാര്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയും സ്ഥിതിഗതികള്‍ അവലോകനം ചെയ്യുകയും ചെയ്തു. മുഖ്യമന്ത്രി പ്രദേശവാസികളോട് സമാധാനം പാലിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.