
എൻആർഐ റിപ്പോർട്ടർ ഡെസ്ക്
ചില ന്യൂസ് ഫോട്ടോഗ്രാഫുകൾ ചിലപ്പോൾ പുതിയ ഒരു രാഷ്ട്രീയ യുഗത്തിനു തന്നെ തുടക്കമിട്ടേക്കാം. അസോഷിയേറ്റഡ് പ്രസ്സിൻ്റെ ഇവാൻ വുച്ചിയുടെ ആ ഫോട്ടോ അങ്ങനെയൊന്നാണ്. ചെവിയിലും കവിളിലും രക്തമൊലിക്കുന്ന, സീക്രട്ട് സർവീസ് ഏജൻ്റുമാർ താങ്ങിയെടുത്തിരിക്കുന്ന ട്രംപ്.. പക്ഷേ അദ്ദേഹം മുഷ്ടിചുരുട്ടി ഉയർത്തി Fight എന്ന് ജനക്കൂട്ടത്തോട്ട് വിളിച്ചു പറയുന്നു. പിന്നിൽ അമേരിക്കൻ പതാക. ഈ ചിത്രമാണ് ഇന്ന് ലോകം മുഴുവൻ കണ്ട ചിത്രം. ഒട്ടേറെ രാഷ്ട്രീയ അനന്തരഫലം ഉണ്ടാക്കാൻ ശക്തിയുള്ള ചിത്രം.
ട്രംപിനെ അദ്ദേഹത്തിൻ്റെ അനുയായികൾ ഇതിനകം തന്നെ സൂപ്പർ ഹീറോയായി കാണുകയും അദ്ദേഹത്തിൻ്റെ റാലികളിൽ അനിതരസാധാരണമായ ബഹുമാനത്തോടെ പെരുമാറുകയും ചെയ്യാറുണ്ട്. ശത്രുക്കളുടെ നിരന്തരമായ ആക്രമണത്തിന് വിധേയനായ ഒരു പോരാളിയെന്ന അദ്ദേഹത്തിൻ്റെ പ്രതിച്ഛായ ഇപ്പോൾ കൂടുതൽ ആഴത്തിൽ ബലപ്പെട്ടിരിക്കുകയാണ്. പ്രത്യേകിച്ച് ചോരയൊലിക്കുമ്പോഴും ധാർഷ്ട്യത്തോടെ പോരാടാൻ ആവശ്യപ്പെടുന്ന പോരാളി – അതാണ് അമേരിക്കക്കാരുടെ മനസ്സിലെ ട്രംപ്.
ഒരു തോക്കും അത് ഉപയോഗിക്കാൻ തയ്യാറുള്ള ഒരു വ്യക്തിയും ചരിത്രത്തിൻ്റെ ഗതി തന്നെ മാറ്റിയേക്കും. അത് അമേരിക്കയ്ക്ക് നിരവധി തവണ മനസ്സിലായിട്ടുള്ളതുമാണ്.
അമേരിക്കയുടെ രാഷ്ട്രീയ അക്രമത്തിൻ്റെ ശപിക്കപ്പെട്ട കഥയിലെ ഒരു ഇരുണ്ട പുതിയ അധ്യായം കൂടി ഇന്നലെ തുറന്നിരിക്കുകയാണ്. ഇന്നലത്തെ സംഭവങ്ങൾ അമേരിക്കയിലും അതിൻ്റെ രാഷ്ട്രീയ വ്യവഹാരത്തിലും ചെലുത്തുന്ന സ്വാധീനം പ്രവചിക്കാൻ പ്രയാസമാണ്. ഇതിനകം തന്നെ വാക്പോരുകളും ദേശീയ ഐക്യത്തിനും വേണ്ടിയുള്ള ആഹ്വാനങ്ങളും ഉണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്ന പ്രസിഡൻ്റ് ജോ ബൈഡൻ സംഭവം നടന്ന് ഉടൻ, പ്രസ്താവന നടത്താൻ ഡെലവെയറിലെ ക്യാമറകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു.“അമേരിക്കയിൽ ഇത്തരം അക്രമങ്ങൾക്ക് സ്ഥാനമില്ല. ഞങ്ങൾക്ക് ഇത് ക്ഷമിക്കാൻ കഴിയില്ല. ” എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ബൈഡൻ പിന്നീട് ട്രംപുമായി ഫോണിൽ സംസാരിച്ചു. തൻ്റെ പ്രചാരണ പരിപാടികൾ വെട്ടിച്ചുരുക്കി അദ്ദേഹം ശനിയാഴ്ച വൈകുന്നേരം തന്നെ വൈറ്റ് ഹൗസിലേക്ക് മടങ്ങി.
ട്രംപ് അമേരിക്കൻ ജനാധിപത്യത്തിന് ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് കടുത്ത പ്രചാരണം നടത്തിയ ഡെമോക്രാറ്റുകൾക്കെതിരെ ആരോപണവുമായി ട്രംപ് അനുകൂലികൾ രംഗത്തെത്തി. ട്രംപ് ജനാധിപത്യ വിരുദ്ധനായ ഫാഷിസ്റ്റ് ഏകാധിപതിയാണ് എന്ന ഡെമോക്രാറ്റ് പ്രചാരണമാണ് ആക്രമണ കാരണം എന്ന് ഒഹായോ സെനറ്റർ ജെ ഡി വാൻസ് എക്സിൽ കുറിച്ചു.
എന്തായാലും ഡെമോക്രാറ്റിക് പാർട്ടി കടുത്ത പ്രതിസന്ധിയിലാണ് ഇപ്പോൾ. ബൈഡൻ – ട്രംപ് സംവാദത്തെ തുടർന്ന് ഉണ്ടായ സംഭവവികാസങ്ങൾ പാർട്ടിയിൽ ഭിന്നത സൃഷ്ടിച്ചിരിക്കെ ഇത്തരം ഒരു സംഭവം കൂടി ആ പാർട്ടിയെ കൂടുതൽ തളർത്തും എന്ന് ഉറപ്പ്. ഒരു കാര്യത്തിൽ ഡെമോക്രാറ്റുകൾക്ക് ആശ്വസിക്കാം വെടിവയ്പ് നടത്തിയ തോമസ് മാത്യു ക്രൂക്സ് ഒരു റജിസ്റ്റർ ചെയ്ത റിപ്പബ്ളിക്കാനായിരുന്നു. അയാളുടെ ആക്രമണ ഉദ്ദേശ്യംഇതുവരെ വെളിവായിട്ടില്ല. അതിനു മുമ്പേ തുടങ്ങി സോഷ്യൽ മീഡിയ വ്യാഖ്യാനങ്ങൾ. അതിൽ 90 ശതമാനവും കല്ലുവച്ച നുണകളാണ്.
സംഭവത്തെ കുറിച്ചുള്ള അതിഭാവുകത്വവും നുണകളും ഗൂഢാലോചന സിദ്ധാന്തങ്ങളും അസംബന്ധങ്ങളും കൊണ്ട് സോഷ്യൽ മീഡിയ തൽക്ഷണം നിറഞ്ഞിരുന്നു. പ്രസിഡൻ്റ് ജോ ബൈഡൻ അക്രമത്തിന് അഭ്യർത്ഥിച്ചുവെന്നും കുറ്റം ചുമത്തണമെന്നും ജോർജിയൻ പ്രതിനിധി മൈക്കൽ കോളിൻസിൻ്റെ അഭിപ്രായം വന്നു. വെടിവയ്പ്പ് ട്രംപിൻ്റെ ജനപ്രീതി ശക്തിപ്പെടുത്താനുള്ള കള്ളക്കഥയാണെന്ന് എതിർപക്ഷത്തു നിന്നും കഥകൾ വന്നു. ട്രംപിന്റെ സുരക്ഷ ബൈഡൻ തടഞ്ഞു വച്ചെന്ന കഥ വളരെ പ്രചാരം നേടിയിട്ടുണ്ട്. അക്രമിയുടെ പേരിലായിരുന്നു അടുത്ത കഥകൾ. മുസ്ലിം , ജൂത പേരുകൾ സോഷ്യൽ മീഡിയയിൽ പൊന്തിവന്നു. ട്രാൻസ് പേഴ്സനാണ് അക്രമി എന്നു വരെ വ്യാഖ്യാനിക്കപ്പെട്ടു.
തിങ്കളാഴ്ച റിപ്പബ്ളിക്കൻ പാർട്ടിയുടെ ദേശീയ കൺവെൻഷൻ മിൽവാക്കിയിൽ തുടങ്ങുകയാണ്. റിപ്പബ്ലിക്കൻ കൺവെൻഷനു മേൽ പെൻസിൽവാനിയ അക്രമം നീണ്ട നിഴൽ വീഴ്ത്തുമെന്നതിൽ സംശയമില്ല. സുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമാകുമെന്ന് ഉറപ്പ്. പക്ഷേ വ്യാഴാഴ്ച രാത്രി വേദിയിലെത്തുമ്പോൾ പാർട്ടിയുടെ നോമിനിയായ ട്രംപ് കൂടുതൽ തിളക്കമാർന്ന നായകൻ ആയിരിക്കും എന്ന് ഉറപ്പ്.. ശക്തിയും പൌരുഷവും തുളുമ്പുന്ന സൂപ്പർ ഹീറോ
രക്തം പുരണ്ട, ഉയർത്തിയ മുഷ്ടിയുമായുള്ള ട്രംപ് ചിത്രങ്ങൾ മിൽവാക്കിയിലെ റാലി പോയിൻ്റായി മാറുമെന്ന് ഉറപ്പാണ്. “ഇതാണ് അമേരിക്കയ്ക്ക് ആവശ്യമായ പോരാളി!” ആക്രമണത്തിനു ശേഷം പിതാവിൻ്റെ ഫോട്ടോയ്‌ക്കൊപ്പം മകൻ എറിക് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചതും അതു തന്നെ.
ദുർബലനായ ഒരു പടുവൃദ്ധനായി ബൈഡനേയും ശക്തനായ പോരാളിയായി ട്രംപിനേയും നിർമിക്കുന്ന പൊളിറ്റിക്കൽ നരേറ്റിവുകൾക്കിടയിൽ അമേരിക്കയിലെ ജനങ്ങൾക്ക് അവരുടെ ജീവിതത്തെ ബാധിക്കുന്ന യഥാർഥ പ്രശ്നങ്ങളെ മനസ്സിലാക്കാൻ ആവുമോ?
Shooting At Trump Rally a political Analysis















