
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് നട്ടെല്ലില്‍ ഗുരുതരമായ അസുഖം ഉണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പുതുച്ചേരി ജിപ്‌മെറിലെ മെഡിക്കല്‍ ബോര്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് കൈമാറി.
മെഡിക്കല്‍ റിപ്പോര്‍ട്ട് അടുത്ത ആഴ്ച സുപ്രീംകോടതി പരിഗണിക്കും. ജിപ്‌മെറിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സുപ്രീംകോടതിക്ക് കൈമാറിയിരുന്നത്. ലൈഫ് മിഷന്‍ കേസില്‍ ജാമ്യത്തില്‍ കഴിയുകയാണ് നിലവില്‍ ശിവശങ്കര്‍.
അടുത്ത ആഴ്ചവരെ ശിവശങ്കറിന്റെ ഇടക്കാല ജാമ്യം നീട്ടി. നേരത്തെ നട്ടെല്ലിന്റെ ശസ്ത്രക്രിയക്കായി അനുവദിച്ച ജാമ്യം സുപ്രീംകോടതി നീട്ടിയിരുന്നു. ചികിത്സക്കായി അനന്തമായി ജാമ്യം നീട്ടരുതെന്ന എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന്റെ വാദം തള്ളിയാണ് കോടതി നടപടി.
ലൈഫ് മിഷൻ അഴിമതിക്കേസിൽ ഫെബ്രുവരി 15നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. ആറ് മാസത്തെ ജയിൽവാസത്തിനൊടുവിൽ ആഗസ്റ്റിൽ ഇടക്കാല ജാമ്യം ലഭിച്ചു. ഇ.ഡിയുടെ ശക്തമായ എതിർപ്പ് മറികടന്നായിരുന്നു ജാമ്യം. നട്ടെല്ലിന് ശസ്ത്രക്രിയവേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, ആശുപത്രിയിലും വീട്ടിലുമല്ലാതെ മറ്റെങ്ങും പോകരുത് തുടങ്ങിയ കർശന വ്യവസ്ഥകൾ കോടതി മുന്നോട്ടുവെച്ചിരുന്നു.









