
ഗാന്ധിനഗര്‍: ഗുജറാത്തിലെ പോര്‍ബന്തറിന് സമീപം 400 കോടി രൂപയുടെ മയക്കുമരുന്നുമായി ആറ് പാക് പൗരന്മാര്‍ പിടിയിലായി. ബോട്ടില്‍ കടത്തുകയായിരുന്ന മയക്കുമരുന്നിനെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പാക് പൗരന്മാരെ അധികൃതര്‍ കുടുക്കിയത്.
കഴിഞ്ഞ 30 ദിവസത്തിനിടെ ഗുജറാത്ത് തീരത്ത് പിടികൂടുന്ന രണ്ടാമത്തെ വലിയ മയക്കുമരുന്ന് ശേഖരമാണിത്. ഫെബ്രുവരി 28 ന് ഗുജറാത്ത് തീരത്തുനിന്നും 3,300 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയിരുന്നു.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് പിടിച്ചെടുക്കലായിരുന്നു ഇത്. വിപണിയില്‍ 2000 കോടിയിലേറെ രൂപയായിരുന്നു ഈ മരുന്നുകളുടെ വില.
നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി), ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇന്നലെ രാത്രിയോടെ ഇന്ത്യന്‍ തീരത്തേക്ക് എത്തിയ പാക് പൗരന്മാരെ പിടികൂടിയത്. ഇവര്‍ ഇന്ത്യന്‍ ബോട്ട് ഉപയോഗിച്ച് ഡല്‍ഹിയിലേക്കും പഞ്ചാബിലേക്കും നിരോധിത മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഗുജറാത്ത് എടിഎസ് അറിയിച്ചു.
Six Pakistani nationals arrested with drugs worth Rs 400 crore off Gujarat coast