അനക്കോണ്ടകളിലെ ഭീമൻ; 21 അടി നീളം, 200 കിലോ തൂക്കം; ആമസോൺ മഴക്കാടുകളിലെ പുതിയ കണ്ടെത്തൽ

തെക്കേ അമേരിക്കയിലെ ആമസോൺ മേഖലയിൽ കാണപ്പെടുന്നതും ലോകത്തിലെ തന്നെ ഭീമന്‍ പാമ്പിനവുമായ അനക്കോണ്ടയുടെ പുതിയ വർഗ്ഗത്തെ കണ്ടെത്തി. നോർത്തേൺ ഗ്രീൻ അനക്കോണ്ട, സതേണ്‍ ഗ്രീൻ അനക്കോണ്ട എന്നിങ്ങനെ രണ്ട് വ്യത്യസ്ത ഇനങ്ങളെയാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ആദ്യം ഇവ ഒന്നാണെന്നായിരുന്നു കരുതിയിരുന്നത്. പുതിയതായി കണ്ടെത്തിയ ഇനം അനക്കോണ്ടയ്ക്ക് 21 അടി നീളവും 200 കിലോ ഭാരവും ഉണ്ടെന്നാണ് കണക്കാക്കുന്നത്.

ഒമ്പത് രാജ്യങ്ങളിൽ നിന്നായി നാല് അംഗീകൃത അനക്കോണ്ട ഇനങ്ങളിൽ നിന്നുള്ള ജനിതക വിവരങ്ങൾ ഉപയോഗിച്ചു നടത്തിയ പഠനം MDPI ഡൈവേഴ്‌സിറ്റി ജേണലിൽ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു കോടി വർഷം മുൻപ് സതേണ്‍ ഗ്രീന്‍ അനക്കോണ്ടയില്‍ നിന്ന് ജനിതകമായി വേർപെട്ടതാണ് നോര്‍ത്തേണ്‍ ഗ്രീന്‍ അനക്കോണ്ടകള്‍. മനുഷ്യനും ചിമ്പാന്‍സികളുമായുള്ള ജനിതകവ്യത്യാസത്തെക്കാൾ കൂടുതലാണ് നോര്‍ത്തേണ്‍ ഗ്രീന്‍ അനക്കോണ്ടകള്‍ക്ക് മറ്റിനം അനക്കോണ്ടകളുമായുള്ളതെന്നും പഠന റിപ്പോർട്ട് പറയുന്നു

‘”പുതിയ ഇനവും പഴയ ഇനവും തമ്മിൽ ജനിതകപരമായുള്ള വ്യത്യാസം 5.5 ശതമാനമാണ് . ഇത് മനസിലാക്കണമെങ്കില്‍ മനുഷ്യനും ചിമ്പാന്‍സികളും തമ്മിലുള്ള വ്യത്യാസം കണക്കിലെടുത്താല്‍ മതി. ഉദ്ദേശം 2 ശതമാനമാണ് ചിമ്പാന്‍സികളും മനുഷ്യനും തമ്മിലുള്ള ജനിതകവ്യത്യാസം,” പഠനത്തിന്റെ സഹരചയിതാവും യൂണിവേഴ്‌സിറ്റി ഓഫ് ക്വീന്‍സ്‌ലന്‍ഡിലെ ബയോളജിസ്റ്റായ ബ്രയാന്‍ ഫ്രൈ പറയുന്നു.

കാട്ടുതീ, വരള്‍ച്ച, കാലാവസ്ഥാ മാറ്റമടക്കമുള്ള ഭീഷണികള്‍ അനക്കോണ്ടകളും അവയുടെ ആവാസവ്യവസ്ഥയും നേരിടുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. പാമ്പിനങ്ങളില്‍ തന്നെ അസാധാരണമാം വിധം വലിപ്പം വയ്ക്കുന്ന അനക്കോണ്ടയുടെ നാലിനങ്ങളെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്.

More Stories from this section

family-dental
witywide