
ടോക്കിയോ: ജപ്പാനിലെ ബുള്ളറ്റ് ട്രെയിനുകളില്‍ ചെറിയ കാലതാമസം പോലും വിരളമാണ്. കൃത്യസമയം പാലിച്ചുകൊണ്ടും കാലതാമസമില്ലാതെ എത്തുന്നു എന്നതുകൊണ്ടും പ്രശസ്തമാണ് ജപ്പാനിലെ ബുള്ളറ്റ് ട്രയിനുകള്‍. എന്നാലിതാ ഈ ഗമയ്ക്ക് പണികൊടുത്ത് എത്തിയതാകട്ടെ ഒരു പാമ്പും.
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. നഗോയയ്ക്കും ടോക്കിയോയ്ക്കും ഇടയില്‍ ഒരു ട്രെയിനില്‍ പാമ്പിനെ കണ്ടതായി ഒരു യാത്രക്കാരന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്നുള്ള പരിശോധനയ്ക്കും മറ്റൊരു ട്രെയിന്‍ സജ്ജമാക്കി യാത്ര തുടരാനും മറ്റുമായി 17 മിനുട്ടാണ് വൈകിയത്.
പാമ്പ് വിഷമുള്ളതാണോ എന്നോ ട്രെയിനില്‍ എങ്ങനെ കയറിക്കൂടി എന്നോ അധികൃതര്‍ക്ക് വ്യക്തമല്ല. യാത്രക്കാര്‍ക്ക് അപകടമോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ജപ്പാനില്‍ ബുള്ളറ്റ് ട്രെയിന്‍ യാത്രികര്‍ക്ക് ചെറിയ നായ്ക്കളെയും പൂച്ചകളെയും പ്രാവുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് മൃഗങ്ങളെയും യാത്രയില്‍ ഒപ്പം കൂട്ടാമെങ്കിലും പാമ്പുകളെ നിയമപരമായി ട്രെയിനില്‍ കയറ്റാനാക്കില്ല.
ബുള്ളറ്റ് ട്രെയിനുകളുടെ ഘടനയും സ്റ്റേഷനുകളുടെ സുരക്ഷയും മറ്റും കണക്കിലെടുക്കുമ്പോള്‍ ട്രയിനിനുള്ളില്‍ പാമ്പുകള്‍ക്ക് കയറിക്കൂടുക എന്നത് വളരെ പ്രയാസകരമാണ് എന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
ജപ്പാനില്‍ ബുള്ളറ്റ് ട്രെയിനുകളില്‍ യൂണിഫോം ധരിച്ച സുരക്ഷാ ഗാര്‍ഡുകളുടെ പട്രോളിംഗും സദാ ഉണ്ടാകും. മാത്രമല്ല, 2021 ലെ സമ്മര്‍ ഒളിമ്പിക്സിനും കഴിഞ്ഞ വര്‍ഷത്തെ ഗ്രൂപ്പ് ഓഫ് സെവന്‍ മീറ്റിങ്ങുകള്‍ക്കുമായി ഒരുക്കിയ അധിക സുരക്ഷ ഇപ്പോഴുമുണ്ട്. 1964-ല്‍ ആദ്യമായി ആരംഭിച്ച ബുള്ളറ്റ് ട്രെയിന്‍ ശൃംഖലയ്ക്ക് ഒരിക്കലും ഒരു അപകടവും സംഭവിച്ചിട്ടില്ലെന്നും യാത്രക്കാര്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്നും ജപ്പാന്‍ റെയില്‍വേ പറയുന്നു. മണിക്കൂറില്‍ 285 കിലോമീറ്റര്‍ (177 മൈല്‍) വേഗതയില്‍ സഞ്ചരിക്കാനാകുന്ന ഈ അതിവേഗ ട്രെയിനുകള്‍ ശരാശരി 0.2 മിനിറ്റാണ് വൈകാറുള്ളത്. അതുകൊണ്ടുതന്നെയാണ് 17 മിനിറ്റ് വൈകിയത് വാര്‍ത്തയായതും.