
ചിക്കാഗോ: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ കമല ഹാരിസിനെ പിന്തുണച്ച് മലയാളത്തില്‍ പ്രചാരണ ഗാനം ഒരുങ്ങി.
‘വിസ്മയ വിജയം തീര്‍ക്കും വഴികളില്‍, നക്ഷത്രമാകാന്‍ കമല’ എന്നു തുടങ്ങുന്ന പാട്ട് എഴുതിയിരിക്കുന്നത് 18 വര്‍ഷമായി ചിക്കാഗോയില്‍ കഴിയുന്ന ബിനോയ് തോമസാണ്. ‘കമലാരവം’ എന്ന പേരില്‍ 3 മിനിറ്റ് ദൈര്‍ഘ്യമുള്ള പാട്ടിന്റെ റിക്കോര്‍ഡിങ് തിരുവനന്തപുരത്താണു നടന്നത്.
കമല ഹാരിസിന്റെ്‌റെ പ്രചോദനാത്മകമായ ജീവിതം, അവരുടെ ഇന്ത്യന്‍ ബന്ധം ഇവയെല്ലാം വരികളില്‍ നിറ യുന്നു. അമേരിക്കയിലെ ഭൂരിപക്ഷം മലയാളികളും കമല ഹാരിസ് പ്രസിഡന്റ് ആകണമെന്ന് ആഗ്രഹിക്കുന്നവരാണെന്നു ബിനോയ് തോമസ് പറയുന്നു.
അതേസമയം, ഒരു ഇന്ത്യന്‍ അമേരിക്കന്‍ ഡെമോക്രാറ്റിക് ഫണ്ട് റൈസര്‍ വ്യാഴാഴ്ച കമലയ്ക്കായി ഒരു ഡിജിറ്റല്‍ വീഡിയോ ഇറക്കിയിരുന്നു, മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ വോട്ടഭ്യര്‍ത്ഥന നടത്തിയത് ശ്രദ്ധനേടിയിരുന്നു. റോജ എന്ന സിനിമയിലെ എആര്‍ റഹ്മാന്റെ ‘ദില്‍ ഹേ ഛോട്ടാ സാ, ഛോട്ടി സി ആശ’ എന്ന ഗാനത്തിന്റെ ഇന്‍സ്ട്രുമെന്റല്‍ പതിപ്പാണ് വീഡിയോയ്ക്കായി ഉപയോഗിച്ചത്.
മിഷിഗണ്‍, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍, ജോര്‍ജിയ, നെവാഡ, അരിസോണ, നോര്‍ത്ത് കരോലിന എന്നിവിടങ്ങളിലെ ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റികളെ സ്വാധീനിക്കാനായിരുന്നു ഈ നീക്കം.’ഐ വില്‍ വോട്ട് ഫോര്‍ കമലാ ഹാരിസ് – ടിം വാള്‍സ്’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പുറത്തിറങ്ങിയത്.