അപ്രതീക്ഷിത അപകടം: സ്‌പേസ് എക്‌സിന്റെ ബഹിരാകാശ വിക്ഷേപണങ്ങള്‍ അടിയന്തിരമായി തടഞ്ഞു; പൊളാരിസ് ബഹിരാകാശ ദൗത്യം അനിശ്ചിതത്വത്തില്‍

ഫ്‌ളോറിഡ : ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ബഹിരാകാശ വിക്ഷേപണങ്ങള്‍ അടിയന്തിരമായി നിര്‍ത്തലാക്കി അമേരിക്കന്‍ വ്യോമയാന ഏജന്‍സി എഫ് എ എ. വിജയകരമായ വിക്ഷേപണത്തിന് ശേഷം ബുധനാഴ്ച തിരിച്ചിറങ്ങുന്നതിടെ ഫാല്‍ക്കണ്‍ റോക്കറ്റ് ബൂസ്റ്റര്‍ തീപിടിച്ച് പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നാണ് സ്പേസ് എക്സ് വിക്ഷേപണം എഫ്.എ.എ തടഞ്ഞിരിക്കുന്നത്.

ലാന്‍ഡിംഗിനിടെ ഫ്‌ളോറിഡ തീരത്ത് നടന്ന അപകടത്തെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട് എഫ്.എ.എ. ആളപായമോ പൊതു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്പേസ് എക്സിന്റെ വരാനിരിക്കുന്ന ലോഞ്ചുകളെയും ഇത് സാരമായി ബാധിച്ചേക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.

കേപ് കനാവറല്‍ ബഹിരാകാശ സേനാ നിലയത്തില്‍ നിന്ന് ഉയര്‍ന്ന റോക്കറ്റ് സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച് തിരിച്ചിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ഇത് 23-ാം തവണയാണ് ഈ പ്രത്യേക ബൂസ്റ്റര്‍ വിക്ഷേപിച്ചത്, ഇത് SpaceXന്റെ ഒരേ റോക്കറ്റ് ഉപയോഗിക്കുന്ന റീസൈക്ലിംഗ് റെക്കോര്‍ഡ് കൂടിയാണ്. കൂടുതല്‍ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ഉപഗ്രഹങ്ങളുള്ള കാലിഫോര്‍ണിയയില്‍ നിന്നുള്ള വിക്ഷേപണം അപകടത്തെ തുടര്‍ന്ന് ഉടന്‍ നിര്‍ത്തിവച്ചിട്ടുണ്ട്.

അതേസമയം, സ്പേസ് എക്സിന്റെ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യമായ പൊളാരിസ് ഡോണ്‍ ദൗത്യത്തിന്റെ വിക്ഷേപണം വീണ്ടും മാറ്റിയിരുന്നു. രണ്ടു ദിവസം മുമ്പ് ഹീലിയം ചോര്‍ച്ചയെ തുടര്‍ന്നായിരുന്നു ദൗത്യം മാറ്റിയത്. എന്നാല്‍ ഫ്‌ളോറിഡയിലെ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് മണിക്കൂറുകള്‍ക്കുമുമ്പ് ദൗത്യം വീണ്ടും മാറ്റി. ഇതിനു പിന്നാലെയാണ് വിലക്ക് എത്തിയത്. ഇതോടെ പൊളാരിസ് ഡോണ്‍ ദൗത്യം അനിശ്ചിതത്വത്തിലായി.

എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് സ്പേസ് എക്സിന്റെ വൈസ് പ്രസിഡന്റ് ജോണ്‍ എഡ്വേര്‍ഡ് പറഞ്ഞു.