ഇനി വിമാനത്താവളത്തിലെ കാത്തുനിൽപ്പ് കുറയ്ക്കാം;ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷനുമായി കേന്ദ്രം

ന്യൂഡൽഹി: പ്രീ-വെരിഫൈഡ് ഇന്ത്യൻ പൗരന്മാർക്കും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഉടമകൾക്കും ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശനിയാഴ്ച പുതിയ സംരംഭം ആരംഭിച്ചു.

ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) എന്നാണ് ഇതിന്റെ പേര്. ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ. വിവരങ്ങൾ മുൻകൂട്ടി നൽകി രജിസ്റ്റർ ചെയ്യുന്നവർക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുക. ഇന്ത്യക്കാർക്കും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ സി ഐ) കാർഡുള്ളവർക്കുമാണ് നിലവിൽ അപേക്ഷിക്കാനാവുക. ഇതിലേക്കായി ആഭ്യന്തര മന്ത്രാലയം പ്രത്യേക പോർട്ടലും സജ്ജമാക്കിയിട്ടുണ്ട്.

FTI-TTP പ്രോഗ്രാം, യുണൈറ്റഡ് സ്റ്റേറ്റ്സ് വാഗ്ദാനം ചെയ്യുന്ന ഗ്ലോബൽ എൻട്രി പ്രോഗ്രാമിന് സമാനമാണെന്ന് അധികൃതർ പറഞ്ഞു. ബയോമെട്രിക് വിവരങ്ങളായ മുഖചിത്രവും വിരലടയാളവും നൽകണം. അതിൽനിന്ന് അന്വേഷണത്തിനുശേഷമാകും അർഹരായവരെ തിരഞ്ഞെടുക്കുക.ഏതെങ്കിലും കേസുകളിൽ പ്രതിയായിട്ടുള്ളവർക്ക് ഈ സൗകര്യം ലഭിക്കില്ല. രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾക്ക് ഒരുമാസംവരെ സമയമെടുത്തേക്കും. പാസ്പോർട്ടിന്റെ കാലാവധി തീരുന്നതുവരെ പരമാവധി അഞ്ചുവർഷത്തേക്കാകും അംഗത്വം നൽകുന്നത്.

ശനിയാഴ്ച ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പദ്ധതി ഉദ്ഘാടനം ചെയ്തു. ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ യാത്രക്കാർക്കായി ഡൽഹി വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിൽ എട്ട് ഗേറ്റുകൾ തുറന്നു. നാലെണ്ണം ഡിപ്പാർച്ചറിനും നാലെണ്ണം അറൈവലിനുമാണ്.

More Stories from this section

family-dental
witywide