നിർണ്ണായക വിവരങ്ങൾ ചോർത്താൻ ഇറാൻ ഹാക്കർമാർ; അമേരിക്കൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ സൈബർ ആക്രമണം തുടരുന്നതായി കോൺഗ്രസിൽ മൊഴി

വാഷിംഗ്ടൺ: ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഇറാനുമായുള്ള സംഘർഷം ആരംഭിച്ചതു മുതൽ ഇറാൻ സർക്കാരുമായി ബന്ധമുള്ള ഹാക്കർമാരും ഇറാൻ അനുകൂല സംഘടനകളും അമേരിക്കയുടെ നിർണ്ണായക അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് സൈബർ ആക്രമണങ്ങൾ നടത്തുന്നതായി ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്‌വെയ്ൻ മുള്ളിൻ. യുഎസ് കോൺഗ്രസിന് നൽകിയ രേഖാമൂലമുള്ള മൊഴിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഊർജ്ജം, ജലം, ധനകാര്യം, ഗതാഗതം, ആരോഗ്യ സംരക്ഷണം, ടെലികമ്മ്യൂണിക്കേഷൻ എന്നീ അവശ്യ മേഖലകളെയാണ് സൈബർ ആക്രമണകാരികൾ പ്രധാനമായും ലക്ഷ്യമിടുന്നത്. സ്വകാര്യ ആശയവിനിമയങ്ങൾ, കോൾ റെക്കോർഡുകൾ, നിയമപാലകരുടെ വിവരങ്ങൾ തുടങ്ങിയ നിർണ്ണായക ഡാറ്റ ചോർത്താൻ ഇത്തരം നീക്കങ്ങളിലൂടെ സാധ്യതയുണ്ടെന്നും മുള്ളിൻ മുന്നറിയിപ്പ് നൽകി.

അതേസമയം, ബാങ്കിംഗ്, സർക്കാർ നെറ്റ്‌വർക്കുകൾ, വിമാന സർവീസുകൾ എന്നിവയെ ബാധിച്ച സമീപകാല സാങ്കേതിക തടസ്സങ്ങൾക്ക് പിന്നിൽ ഇറാനാണെന്ന വാദങ്ങൾ യുഎസ് ഉന്നത ഉദ്യോഗസ്ഥർ തള്ളിക്കളയുന്നുമുണ്ട്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ വിമാന സർവീസുകൾ നിർത്തിവച്ച നടപടിയും മറ്റ് സാങ്കേതിക തകരാറുകളും ഇറാന്റെ സൈബർ ആക്രമണവുമായി ബന്ധപ്പെട്ടതല്ലെന്ന് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ ജയ് ക്ലേട്ടൺ കോൺഗ്രസ് ഹിയറിംഗിൽ വ്യക്തമാക്കി. അറ്റകുറ്റപ്പണികളും സാങ്കേതിക മാറ്റങ്ങളും മൂലമുണ്ടായ സാധാരണ തടസ്സങ്ങൾ മാത്രമാണിതെന്നും, ഏതെങ്കിലും രാജ്യത്തിന്റെ പിന്തുണയോടെയുള്ള ആക്രമണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സംഭവങ്ങൾക്ക് പിന്നിൽ സൈബർ ആക്രമണം നടന്നതായി യാതൊരു തെളിവുമില്ലെന്ന് എഫ്ബിഐ ഡെപ്യൂട്ടി ഡയറക്ടർ ക്രിസ്റ്റഫർ റായയും സ്ഥിരീകരിച്ചു. സംഭവങ്ങളുടെ തുടക്കം മുതൽ എഫ്ബിഐ സൈബർ ടീമുകൾ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

സമീപകാല തടസ്സങ്ങളിൽ വിദേശ ഇടപെടലില്ലെങ്കിലും, ഇറാൻ, റഷ്യ, ഉത്തരകൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സൈബർ ചാരവൃത്തി യുഎസിന് വലിയ ഭീഷണിയായി തുടരുകയാണെന്ന് റായ മുന്നറിയിപ്പ് നൽകി. ഭാവിയിൽ ഒരു പ്രതിസന്ധിയോ സംഘർഷമോ ഉണ്ടായാൽ ഉപയോഗിക്കുന്നതിനായി ഈ രാജ്യങ്ങൾ യുഎസ് സംവിധാനങ്ങളിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നുണ്ട്. അടുത്ത കാലത്തായി യുഎസ് ഉദ്യോഗസ്ഥരെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യമിട്ടുള്ള നിരവധി ഇറാനിയൻ ഗൂഢാലോചനകൾ എഫ്ബിഐ പരാജയപ്പെടുത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. സുരക്ഷാ സംവിധാനങ്ങൾ ദുർബലമായ മേഖലകളിൽ വിദേശ ശക്തികളുടെയും സൈബർ കുറ്റവാളികളുടെയും ആക്രമണങ്ങൾ വലിയ തടസ്സങ്ങൾക്ക് കാരണമായേക്കാമെന്നും ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ഓർമ്മിപ്പിച്ചു.

Iranian hackers out to steal critical information; testimony in Congress reveals ongoing cyberattacks against American infrastructure.

More Stories from this section

family-dental
witywide