
യു.എസിലെ മസാച്യുസെറ്റ്സിന്റെ തലസ്ഥാനമായ ബോസ്റ്റണില്‍നിന്നുള്ള ജെയിംസ് ഹോളോമാന്‍ എന്ന 65കാരനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. കാരണം അയാള്‍ക്ക് 36 വര്‍ഷം മുമ്പുനടന്ന യുവതിയുടെ കൊലപാതകത്തില്‍ പങ്കുണ്ട് എന്നതായിരുന്നു. വയോധികന്‍ വീടിനടുത്തുള്ള നടപ്പാതയില്‍ ഒന്ന് തുപ്പിയതാണ് മൂന്നര പതിറ്റാണ്ട് പഴക്കമുള്ള കേസിന് തുമ്പായത്.
സംഭവം ഇങ്ങനെ: 1988 മേയ് 27-നാണ് കരെന്‍ ടെയ്ലറെ അവര്‍ താമസിച്ചിരുന്ന ബോസ്റ്റണിലെ റോക്‌സ്ബറിയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ടെയ്ലറുടെ അമ്മ ഫോണ്‍ വിളിച്ചപ്പോള്‍ മൂന്നുവയസുകാരിയായ മകള്‍ ഫോണെടുക്കുകയും ‘അമ്മ ഉറങ്ങുകയാണ്, വിളിച്ചിട്ട് എഴുന്നേല്‍ക്കുന്നില്ല’ എന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റിലെത്തിയ ടെയ്ലറുടെ അമ്മ കിടപ്പുമുറിയുടെ ജനലിലൂടെ നോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ ടെയ്ലറുടെ മൃതദേഹം കാണുന്നത്.
നെഞ്ചിലും കഴുത്തിലും തലയിലുമായി 15 കുത്തുകളേറ്റായിരുന്നു യുവതിയുടെ ദാരുണാന്ത്യം. ഹോളോമാനാണ് പ്രതിയെന്ന് പൊലീസിന് അന്നേ സംശയം ഉണ്ടായിരുന്നുവെങ്കിലും കേസ് തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അന്വേഷണം എങ്ങുമെത്താതെ പോയി. കഴിഞ്ഞ വര്‍ഷമാണ് ഹോളോമാന്‍ ബോസ്റ്റണിലെ തന്റെ വീടിന് പുറത്തെ നടപ്പാതയില്‍ തുപ്പിയത്. അധികൃതര്‍ ഹോളോമാന്റെ ഉമിനീരിന്റെ ഡി.എന്‍.എ. പരിശോധന നടത്തിയതോടെയാണ് 36 വര്‍ഷത്തിന് ശേഷം കേസില്‍ വഴിത്തിരിവുണ്ടായത്.
കൊല്ലപ്പെട്ട യുവതി കരെന്റെ നഖത്തിനടിയില്‍ നിന്ന് കണ്ടെത്തിയ ഡി.എന്‍.എ. മൃതദേഹത്തിന് സമീപം രക്തത്തില്‍ കുളിച്ച നിലയിലുണ്ടായിരുന്ന ഷര്‍ട്ടില്‍ കണ്ടെത്തിയ ഡി.എന്‍.എ, സമീപമുണ്ടായിരുന്ന സിഗരറ്റില്‍ നിന്ന് ലഭിച്ച ഡി.എന്‍.എ. എന്നിവയുമായി ജെയിംസ് ഹോളോമാന്റെ ഡി.എന്‍.എ. പൊരുത്തപ്പെടുകയും ചെയ്തു. പിന്നാലെ സെപ്റ്റംബര്‍ 19ന് ഹോളോമാനെ അന്വേഷണോദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം ഹോളോമാന്റെ ഡി.എന്‍എയും യുവതിയുടെ കൊലപാതകവും തമ്മില്‍ ബന്ധമുണ്ടെന്ന പൊലീസിന്റെ വാദത്തില്‍ സംശയമുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞത്.